ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനാണ്
കോഴിക്കോട്: പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയാണ് മിംസ് ആശുപത്രിയിലെത്തിച്ചത്. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. മലബാർ ഗോൾഡിന്‍റെയും ചന്ദ്രികയുടെയും ഡയറക്ടർ ബോർഡ് അംഗമാണ്.
പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും പിഎ കോളജ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു.
1943 സെപ്തംബർ ആറിന് കാസർക്കോട്ടെ പള്ളിക്കരയിലാണ് ജനനം. ടെക്സ്റ്റയിൽ വ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്രാഹിം ഹാജിയാണ് പിതാവ്. മാതാവ് ആയിശ. ചെന്നൈയിൽ നിന്ന് ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തിട്ടുണ്ട്. 1999ലാണ് പേസ് ഗ്രൂപ്പ് സ്ഥാപിച്ചത്. ഗ്രൂപ്പിന് കീഴിൽ 1200 അധ്യാപകരും 500ലേറെ അനധ്യാപകരും ജോലി ചെയ്യുന്നുണ്ട്. 25 രാജ്യങ്ങളിലായി 20000ലധികം വിദ്യാർത്ഥികൾ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് സ്‌കൂളുകളുള്ളത്. കേരളത്തിൽ കണ്ണൂർ റിംസ് ഇന്റർനാഷണൽ സ്‌കൂൾ, മഞ്ചേരി പേസ് റസിഡൻഷ്യൻ സ്‌കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ. മംഗലാപുരത്തും സ്ഥാപനങ്ങളുണ്ട്.
പ്രവാസി രത്‌ന, സിഎച്ച് അവാർഡ്, ഘർഷോം ഇന്റർനാഷണൽ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇബ്രാഹിം ഹാജിയെ തേടിയെത്തിയിട്ടുണ്ട്.