ഇര്‍ഫാന ലോറിക്കടിയിൽ ഞെരിഞ്ഞൊടുങ്ങിയത് ഉമ്മ നോക്കിനില്‍ക്കെ; മകളാണെന്നറിയാതെ നിദയുടെ മൃതദേഹം പുറത്തെടുത്തത് ഉപ്പ...
സ്കൂൾ വിട്ടാൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കാനായിരുന്നു ഇർഫാനയോട് ഉമ്മ പറഞ്ഞത്
പാലക്കാട്: നാടിനെ നടുക്കിയ ദുരന്തത്തിൽ സ്വന്തം കുരുന്നുകളുടെ മരണത്തിന് സാക്ഷിയായി ഒരു ഉമ്മയും വാപ്പയും. ഇർഫാന ലോറിക്കടിയിൽ അമരുന്നത് ഉമ്മ ഫാരിഷ നേരിൽ കണ്ടപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയതായിരുന്നു നിദാ ഫാത്തിമയുടെ ഉപ്പ അബ്ദുൽ സലാം.
സ്കൂൾ വിട്ടാൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കാനായിരുന്നു ഇർഫാനയോട് ഉമ്മ പറഞ്ഞത്. ദന്തഡോക്ടറെ കാണണമായിരുന്നു. പക്ഷേ, പതിവ് മുടക്കിയില്ല ഇർഫാന..ഉമ്മയെ കാണുന്നതുവരെ കൂട്ടുകാർക്കൊപ്പം നടക്കാം എന്നവൾ കരുതി.. പക്ഷേ വിധി മറ്റൊന്നായി... നിയന്ത്രണം വിട്ട ലോറിക്കടിയിൽ ഇർഫാന ഞെരിഞ്ഞൊടുങ്ങിയത് ഉമ്മ നോക്കി നിൽക്കെ...
അപകട വാർത്തയറിഞ്ഞാണ് അബ്ദുൽസലാം ഓടിയെത്തിയത്.. തന്‍റെ പൊന്നോമന നിദ ലോറിക്കടിയിൽ ഉണ്ടെന്നറിയാതെ അബ്ദുൽ സലാം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു..ഞെട്ടലോടെ അത് സ്വന്തം മകളെന്നറിഞ്ഞത് മൃതദേഹം പുറത്തെടുത്തപ്പോൾ... നാലു കുടുംബങ്ങൾക്കൊപ്പം നാടും ചങ്കുപൊട്ടി കരയുമ്പോൾ.. പൊന്നോമനകൾ സ്വന്തം കൺമുൻപിൽ പൊലിഞ്ഞതിന്‍റെ തീരാവേദനയിലാണ് അബ്ദുൽ സലാമും ഫാരിഷയും.