ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്‌പെന്റ് ചെയ്തു
തന്റെ നോമിനേഷൻ ഷാഫി പറമ്പിൽ ഇടപെട്ട് തള്ളിക്കളഞ്ഞുവെന്നായിരുന്നു സദ്ദാം ഹുസൈനിന്റെ ആരോപണം
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്‌പെന്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനാണ് സസ്‌പെൻഡ് ചെയ്തത്. തന്റെ നോമിനേഷൻ ഷാഫി പറമ്പിൽ ഇടപെട്ട് തള്ളിക്കളഞ്ഞുവെന്നായിരുന്നു സദ്ദാം ഹുസൈനിന്റെ ആരോപണം. ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണമാണ് സദ്ദാം ഹുസൈൻ ഉന്നയിച്ചിരുന്നത്.
. 'യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുന്നു, ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ട്'. ഷാഫിയുടെ റിയൽ എസ്റ്റേറ്റ് സാമ്പത്തിക ബന്ധങ്ങൾ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
''യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റാണ്. വീണ്ടും അതേസ്ഥാനത്തേക്ക് തന്നെ നാമനിർദേശപ്പത്രിക സമർപ്പിച്ചു. എന്നാൽ സമർപ്പിച്ച് നാമനിർദേശപ്പത്രിക തള്ളുകയായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അത് തള്ളിയത്. കാരണം ഞാൻ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ നിരന്തരമായി സമരം നടത്തുകയാണ്. പാലക്കാട് നഗരസഭക്കെതിരെ സമരം നടത്തുന്നതിന് നേരത്തേയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആ കാരണം കൊണ്ടാണ് എന്റെ നോമിനേഷൻ തള്ളിയത്. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നാണ് 1000 രൂപ അടച്ചുകൊണ്ട് എനിക്കെതിരെ പരാതി നൽകിയത്. ഏതായാലും ശക്തമായി തന്നെ ഞാൻ ഇതിനെ നേരിടും. എല്ലാ കമ്മറ്റികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇനിയും പരാതി നൽകും''. സദ്ദാം ഹുസൈൻ പറഞ്ഞു.