'ഷുക്കൂർ പരസ്യപ്രതികരണം നടത്തിയത് ശരിയായില്ല': പാലക്കാട് CPM ജില്ലാ സെക്രട്ടറി
ഷുക്കൂറിന് എതിരെ അച്ചടക്ക നടപടി വേണമോ എന്നത് പിന്നീട് ചർച്ച ചെയ്യുമെന്നും ഇ.എൻ സുരേഷ് ബാബു
പാലക്കാട്: പാർട്ടിക്കെതിരെ അബ്ദുൽ ഷുക്കൂർ പരസ്യപ്രതികരണം നടത്തിയത് ശരിയായില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗം മാധ്യമങ്ങളോട് സംസാരിക്കുന്ന രീതിയില്ല. ഷുക്കൂറിന് എതിരെ അച്ചടക്ക നടപടി വേണമോ എന്നത് പിന്നീട് ചർച്ച ചെയ്യുമെന്നും ഇ.എൻ സുരേഷ് ബാബു മീഡിയവണിനോട് പറഞ്ഞു. അതേമയം മാധ്യമപ്രവർത്തകരോട് മോശമായി സംസാരിച്ച എൻ.എൻ കൃഷ്ണദാസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സുരേഷ് ബാബു വ്യക്തമാക്കി.
പാർട്ടിയെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ നേതാക്കൾ അനുനയിപ്പിച്ചാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വൈകാരിക പ്രകടനമായിപ്പോയി അതെന്നും തന്റെ വിഷമങ്ങളെ പരിഹരിക്കാൻ നേതാക്കൾ തയ്യാറായിട്ടുണ്ടെന്നുമാണ് അനുനയത്തിനു പിന്നാലെ ഷുക്കൂർ പ്രതികരിച്ചത്. പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കപ്പെടും. പാർട്ടിയിൽ നിന്നും മാറി നിൽക്കുന്നുവെന്നാണ് താൻ പറഞ്ഞത്. അല്ലാതെ വേറൊരു പാർട്ടിയിലേക്ക് പോകുമെന്നോ വേറൊരു മേഖല തേടുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.