പാലക്കാട് സദാചാര ആക്രമണം; ഒരാൾ അറസ്റ്റിൽ
കരിമ്പ സ്വദേശി സിദ്ദീഖ് ആണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട് കരിമ്പ പനയംപാടത്ത് വിദ്യാർഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദീഖ് ആണ് അറസ്റ്റിലായത്. സ്കൂളിന് സമീപത്തെ ബസ് സ്‌റ്റോപിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം .
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന വിദ്യാത്ഥികൾക്കാണ് ഇന്നലെ മർദനമേറ്റത്. 5 പെൺകുട്ടികളും 5 ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ ഇവിടെ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു.