ചിലരുടെ പ്രസംഗം വിവാദമായത് മറക്കാനാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്: മുഹമ്മദ് റിയാസ്

കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചു നടത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

Update: 2023-11-14 07:47 GMT
Advertising

കോഴിക്കോട്: ചില നേതാക്കളുടെ പ്രസംഗം വിവാദമായത് മറക്കാനാണ് യു.ഡി.എഫ് കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചും നടത്താം. നവ കേരള സദസ്സ് സംഘടിപ്പിക്കാൻ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചതാണ്. ഇസ്രായേലിനെതിരെ നടത്തേണ്ട സമരം എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് എത്രത്തോളം ഒരുക്കങ്ങൾ വേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇത് അറിയാത്തവരല്ല ആ ദിവസം തന്നെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി വെച്ചവർ. ഇസ്രായേലിനെതിരെ നടത്തേണ്ട സമരം എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്നത് ശരിയല്ല. ഗാസയിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദി ഈ സർക്കാരാണോ. യഥാർത്ഥ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനു എന്തെങ്കിലും നിലപാടുണ്ടോ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. ഫലസ്തീൻ വിഷയത്തിൽ ആദ്യം കോൺഗ്രസ് ഒരു നിലപാടെടുക്കണമെന്നും റിയാസ്് പരിഹസിച്ചു.

കേരളത്തിൽ നടക്കുന്ന പോലെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുമോ. കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചും നടത്താം. ഇവർക്ക് മറ്റു സ്ഥലങ്ങളിൽ പരിപാടി നടത്താനുള്ള സഹായം ചെയ്തു തരാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ പ്രസംഗിക്കുന്ന നേതാക്കൾ നിലപാട് പറയണമെന്നു മാത്രമേ പറയാനുള്ളുവെന്നും റിയാസ് പറഞ്ഞു.

അതേസമയം കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ പ്രവീൺകുമാർ ആരോപിച്ചു. മുഖ്യമന്ത്രി എതിർത്താലും റാലിയുമായി മുന്നോട്ട് പോകും. കോൺഗ്രസ് റാലി എവിടെ വെക്കണമെന്നത് റിയാസും സിപിഎമ്മും അല്ല തീരുമാനിക്കുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News