പാർട്ടിവിലക്ക് ലംഘിച്ചുള്ള ഫലസ്തീൻ ഐക്യദാർഢ്യറാലി; ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സിയുടെ താക്കീത്
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുതെന്ന് കെ.പി.സി.സി നിർദേശിച്ചു
തിരുവനന്തപുരം: പാർട്ടിവിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചതിന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സിയുടെ താക്കീത്. വിഭാഗീയ പ്രവർത്തനം ആവർത്തിക്കരുത്. ഖേദം പ്രകടിപ്പിച്ചുള്ള കത്ത് മുഖവിലക്കെടുത്താണ് താക്കീത് നൽകിയത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുതെന്നും കെ.പി.സി.സി നിർദേശിച്ചു.
പാർട്ടി വിലക്ക് ലംഘിച്ചു കൊണ്ട് ഫലസതീൻ ഐക്യദാർഢ്യ റാലി ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് അച്ചടക്ക സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് നിരുപാധികം ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആര്യാടൻ ഷൗക്കത്ത് അച്ചടക്കസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് മുഖവിലക്കെടുത്താണ് നടപടി ശക്തമായ താക്കീതിലൊതുക്കാനുള്ള തീരുമാനം കെ.പി.സി.സി നേതൃത്വം എടുത്തിരിക്കുന്നത്.
ഇത് ചൂണ്ടകാട്ടി കൊണ്ട് ആര്യാടൻ ഷൗക്കത്തിന് കത്ത് നൽകുകയും ചെയ്തു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുത്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്താൻ പോകുന്ന പരിപാടികൾക്ക് മുൻകൂട്ടി ഡി.സി.സി നേതൃത്വത്തെ അറിയിച്ച് അനുമതി വാങ്ങണം. മേലാൽ അച്ചടക്ക ലംഘനം ആവർത്തിക്കരുത് എന്നീ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.