ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട്ട് തന്നെ നടത്തുമെന്ന് കോൺഗ്രസ്; ശശി തരൂർ പങ്കെടുക്കും
നവകേരള സദസിന് വേദിയൊരുക്കാനാണ് കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തുമെന്ന് എം.കെ രാഘവൻ എം.പി. റാലിക്ക് അനുമതി നൽകില്ലെന്നാണ് കലക്ടർ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റാലിയിൽ ശശി തരൂർ പങ്കെടുക്കുമെന്നും എം.കെ രാഘവൻ പറഞ്ഞു.
നവകേരള സദസിന് വേദിയൊരുക്കാനാണ് കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായത്. ആദ്യം അംഗീകരിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്. ഫലസ്തീൻ വിഷയത്തിൽ സി.പി.എമ്മിന് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഹമാസിനെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതോടെ കോൺഗ്രസ് റാലിയിൽ അദ്ദേഹമുണ്ടാവുമോ എന്നത് ചർച്ചയായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് തരൂർ പങ്കെടുക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കിയത്. തരൂരിന്റെ പ്രസ്താവനയിൽ നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്നും രാഘവൻ പറഞ്ഞു.