പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക്‌ കാണാനാവാത്ത വേദനയിൽ ആയിരങ്ങൾ...

നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം ഖബറടക്കിയത്‌

Update: 2022-03-07 03:01 GMT
Editor : Lissy P | By : Web Desk
Advertising

'ഇന്ന് രാവിലെ ഒമ്പതുവരെ പൊതുദർശനം ഉണ്ടാവുമെന്ന് കരുതിയാണ് പുറപ്പെട്ടത്. പക്ഷേ ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഖബറടക്കം കഴിഞ്ഞെന്ന്'.

ഇടുക്കി തൊടുപുഴയിൽ നിന്ന് എത്തിയ ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ  മുഹമ്മദിന്റെ വാക്കുകളാണ്. 'തൊടുപുഴയിൽ നിന്ന് തനിച്ച് ബസുകയറിയാണ് മലപ്പുറത്തേക്ക് എത്തിയത്. അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്'. ഇത് മുഹമ്മദ് മാത്രം വാക്കുകളല്ല, കാസർകോഡ് മുതൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ കാണാനാവാതെ നിരാശരായത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാർത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും തിരിച്ചുവരുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനെടെയാണ് മരണവാർത്തയും എത്തുന്നത്. മരണവിവരം അറിഞ്ഞത് മുതൽ മലപ്പുറം കൊടപ്പനക്കൽ തറവാട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരിക്കും ഖബറടക്കം എന്നറിയിച്ചതോടെ ആ സമയം കണക്കാക്കി പ്രവർത്തകർ മൃതദേഹം പൊതുദർശനത്തിന് വെച്ച മലപ്പുറം ടൗൺ ഹാളിലേക്ക് പുറപ്പെട്ടു.


മൃതദേഹം ടൗൺഹാളിലേക്ക് എത്തും മുമ്പ് തന്നെ റോഡിനിരുവശവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവർക്കും മൃതദേഹം കാണാൻ അവസരമുണ്ടാകും ആരും തിരക്ക് കൂട്ടരുതെന്ന് ഇടക്കിടെ മൈക്കിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ പൊലീസിനും ഗാർഡുകൾക്കും നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കുണ്ടായി. അതിനിടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരുന്നു. തിക്കിലും തിരക്കിലും പെട്ട് മുൻമന്ത്രി പി.കെ റബ്ബ് ഉൾപ്പടെ നിരവധിപേർ കുഴഞ്ഞുവീണിരുന്നു. പക്ഷേ രാത്രി 12 മണിയോടെയായപ്പോഴേക്കും കാര്യങ്ങൾ   പൂര്‍ണമായും കൈവിട്ടു. മൂക്കില്‍ നിന്ന രക്തം വന്നുതുടങ്ങിയതോടെ മൃതദേഹം കൂടുതൽ നേരം പൊതുദര്‍ശനത്തിന് വെക്കുന്നത് ഉചിതമാകില്ലെന്ന ഡോക്ടർമാരുടെ നിർദേശവും കുടുംബാംഗങ്ങൾക്ക് ലഭിച്ചിരുന്നു.


അപ്പോഴാണ്കൂടി നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ടാണ് പൊതുദർശനം നിർത്തുന്നുവെന്ന പ്രഖ്യാപനം പാണക്കാട് സാദിഖലി തങ്ങൾ നടത്തിയത്. തൊട്ട് പിന്നാലെ തന്നെ കബറടക്കം ഉടൻ നടത്തുമെന്ന വിവരവും പുറത്ത് വന്നു. അപ്പോഴും റോഡിനിരുവശവും ജനലക്ഷങ്ങള്‍ കാത്തുനിൽക്കുന്നുണ്ടായിരുന്നു.തുടര്‍ന്ന് മൃതദേഹം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പുലർച്ചെ 2.30നായിരുന്നു ഖബറടക്കാൻ തീരുമാനിച്ചത്. അർദ്ധരാത്രിയിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം നടത്തിയത്. 


തിരുവനന്തപുരത്ത് നിന്നും ഈരാട്ടുപേട്ടയിൽ നിന്നും കാസർകോട് പടന്നയിൽ നിന്നും കണ്ണൂർ കൂത്തുപറമ്പിൽ നിന്നുമെല്ലാമുള്ള പ്രവർത്തകർ പാതി വഴിയിലെത്തിയപ്പോഴാണ് ഖബറടക്കം നേരത്തെയാക്കിയെന്ന തീരുമാനത്തെകുറിച്ച് അറിയുന്നത്. ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും മറ്റ് വാഹനങ്ങളും വിളിച്ച് കൂട്ടത്തോടെയാണ് പ്രവർത്തകർ എത്തിയത്. കാസർകോഡുള്ളവർ കോഴിക്കോട് എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ളവർ തൃശ്ശൂരിൽ നിന്നാണ് വിവരം അറിഞ്ഞത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ലെങ്കിലും അദ്ദേഹത്തിന്റെ ഖബറിലെത്തി പ്രാർഥിക്കാനും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനുമായി അവർ യാത്ര തുടരുകയായിരുന്നു. ഖബറടക്കിയത് മുതൽ നേരം പുലർന്നിട്ടും പള്ളിയിൽ മയ്യിത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. ഊഴമിട്ടാണ് മയ്യിത്ത് നമസ്‌കാരം നടക്കുന്നത്.ഈ മയ്യിത്ത് നമസ്‌കാരം കഴിയാൻ തന്നെ ഏറെ നേരമെടുക്കും. രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പാർട്ടിപ്രവർത്തകരുമടക്കം പ്രായഭേദമന്യേ ആയിരക്കണക്കിനാളുകളാണ് പാണക്കാടേക്ക്  ഇപ്പോഴും  എത്തിക്കൊണ്ടിരിക്കുന്നത്.


അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേയാണ് ഞായറാഴ്ച രാവിലെ ഹൈദരലി ശിഹാബ് തങ്ങൾ വിടപറഞ്ഞത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മയ്യിത്ത് നമസ്‌കരിക്കാനുമുള്ള അവസരമൊരുക്കി. ഇതിനുശേഷമാണ് മലപ്പുറത്തെ ടൗൺഹാളിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിനുവച്ചത്. പാണക്കാട് ജുമാമസ്ജിദിൽ അവസാന മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. പൊലീസ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ, എ.കെ ശശീന്ദ്രൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News