ആലപ്പുഴയിൽ ചട്ടം പാലിക്കാതെ പഞ്ചായത്ത് കെട്ടിടം പൊളിച്ചു
പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് കെട്ടിടം പൊളിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണത്തിൽ കണ്ടെത്തി
കരുവാറ്റ : ദേശിയ പാത വികസനത്തിന്‍റെ പേരിൽ ചട്ടം പാലിക്കാതെ ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് കെട്ടിടം പൊളിച്ചു. 60 സെന്‍റിമീറ്റർ പൊളിക്കേണ്ടിടത്താണ് കെട്ടിടത്തിന്‍റെ മുൻഭാഗം മുഴുവൻ പൊളിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് കെട്ടിടം പൊളിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡി.ഡി.പി യുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചത്.
വകുപ്പിൽ അപേക്ഷ പോലും നൽകാതെയാണ് കെട്ടിടം പൊളിച്ചത്. കെട്ടിടം പൊളിച്ചുമാറ്റിയ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്
ദേശീയ പാത അതോറിറ്റിയുടെ സർവ്വേ റിപ്പോർട്ട് വൈകിയത് ഡി.ഡി.പി യുടെ അന്വേഷണ റിപ്പോർട്ട് വൈകാൻ കാരണമായി എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. എന്നാൽ ദേശീയ പാതക്കായി കെട്ടിടം വിട്ടുനൽകണമെന്ന് വർഷങ്ങള്‍ക്കു മുമ്പേ ധാരണയുള്ളതിനാൽ നടപടി ക്രമങ്ങള്‍ പാലിക്കാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.