പണ്ടാര ഭൂമി ഏറ്റെടുക്കൽ; ലക്ഷദ്വീപ് കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും പരാതിക്കാരുടെ ഭൂമിയിൽ സർവ്വേ നടപടികളുമായി മുന്നോട്ടുപോയതിൽ വിശദീകരണം നൽകണം
കൊച്ചി: പണ്ടാര ഭൂമി ഏറ്റെടുക്കലിൽ ലക്ഷദ്വീപ് കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും പരാതിക്കാരുടെ ഭൂമിയിൽ സർവ്വേ നടപടികളുമായി മുന്നോട്ടുപോയതിൽ വിശദീകരണം നൽകണം. ലക്ഷദ്വീപ് കലക്ടറോട് നേരിട്ട് ഹാജരാകാൻ പറയാത്തത് പൊതുപണം ചെലവാകുമല്ലോ എന്നോർത്താണെന്നും കോടതി വിമർശിച്ചു.
നേരത്തെ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിലും കോടതി വിമർശനം ഉന്നയിച്ചു. പരാതിക്കാരുടെ ഭൂമിയുടെ സർവ്വേ നമ്പർ ഒഴിവാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിർദേശം.
പരാതിക്കാരുടെ ഭൂമിയിലെ തുടർനടപടികൾ പാടില്ലെന്ന സ്റ്റേ ഹൈക്കോടതി നീട്ടിയത് ദ്വീപുകാർക്ക് ആശ്വാസമായിരുന്നു. ഭൂമി തിരിച്ചു പിടിക്കാനുള്ള ദ്വീപ് ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്. മുഴുവൻ പണ്ടാര ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്.
ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുമ്പോൾ കൂട്ടക്കുടിയൊഴുപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 3117 വീടുകളും, നിരവധി ആരാധനാലയങ്ങളും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിപ്പിക്കപ്പെടും. ഒന്നരലക്ഷം തെങ്ങുകളും മുറിച്ചു മാറ്റേണ്ടിവരും. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിരുന്നില്ല. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.