ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം നിർമ്മിച്ച രക്തസാക്ഷി സ്മാരകം; ഉദ്ഘാടനം ഇന്ന്
ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയാണ്
കണ്ണൂർ: പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന്. കൊളവല്ലൂർ തെക്കുംമുറിയിലാണ് സി.പി.എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി രക്തസാക്ഷി സ്മാരകം നിർമ്മിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ ഉദ്ഘാടനത്തിന് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ പ്രതികരിക്കാൻ എം.വി ഗോവിന്ദനോ, പാർട്ടി ജില്ലാ നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015 ജൂൺ ആറിനാണ് ബോംബ് നിർണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിൻമുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.