ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ തയാറാക്കിയ പാപ്പാഞ്ഞിയെ മാറ്റില്ലെന്ന് സംഘാടകർ
കാർണിവൽ വേദിയിൽ അവതരണാനുമതി നിഷേധിച്ച 'ഗവർണറും തൊപ്പിയും' എന്ന നാടകം അതേ പേരിൽ മറ്റ് വേദികളിൽ അവതരിപ്പിക്കുമെന്ന് അണിയറപ്രവർത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്
കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ തയാറാക്കിയ പപ്പാഞ്ഞിയെ മാറ്റില്ലെന്ന് സംഘാടകർ. സബ് കലക്ടർ വൈകിട്ട് സംഘാടകരുമായി ചർച്ച നടത്തും. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് കെ.ജെ മാക്സി എം.എല്‍.എ അറിയിച്ചു. കാർണിവൽ വേദിയിൽ അവതരണാനുമതി നിഷേധിച്ച ഗവർണറും തൊപ്പിയും എന്ന നാടകം അതേ പേരിൽ മറ്റ് വേദികളിൽ അവതരിപ്പിക്കുമെന്ന് അണിയറപ്രവർത്തകരും വ്യക്തമാക്കിയിട്ടുണ്ട്.
പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ തയാറാക്കിയ പപ്പാഞ്ഞിയെ കത്തിക്കാനാണ് സബ് കലക്ടർ അനുമതി നൽകിയിട്ടുള്ളത്. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ വെളി ഗ്രൗണ്ടിൽ തയാറാക്കി പപ്പാഞ്ഞിയെ മാറ്റണമെന്ന നിർദേശം ഇന്നലെ നൽകിയിരുന്നു. എന്നാൽ, വെളി ഗ്രൗണ്ടിലൊരുക്കിയ പപ്പാഞ്ഞിയെ മാറ്റില്ലെന്ന് സംഘാടകർ വ്യക്തമാക്കി. പപ്പാഞ്ഞിയെ കത്തിക്കരുതെന്ന സബ് കലക്ടറുടെ നിർദേശത്തെ പിന്തുണച്ച് കെ.ജെ മാക്സി രംഗത്തെത്തി.
അതിനിടെ, കാർണിവൽ വേദിയിൽ അവതരണാനുമതി നിഷേധിച്ച ഗവർണറും തൊപ്പിയും എന്ന നാടകം അതേ പേരിൽ മറ്റ് വേദികളിൽ പ്രദർശിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഇന്നലെയായിരുന്നു നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. നാടകത്തിൽനിന്ന് ഗവർണർ എന്ന വാക്ക് ഒഴിവാക്കാനായിരുന്നു സബ് കലക്ടറുടെ നിർദേശം.
Summary: The organizers will not change the Pappanji prepared at the Fort Kochi Veli ground for the New Year celebration