പത്തനംതിട്ടയില്‍ പതിനൊന്നിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കര്‍ശന നിയന്ത്രണം.
പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പത്തു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുക.
പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കൽ എന്നിങ്ങനെ പത്തു പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. 20 മുതല്‍ 35 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിലെ ടി.പി.ആര്‍. നിലവില്‍ 100 നും 300 നും ഇടയിലാണ് രോഗികളുടെ എണ്ണം.
സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിലാണ് ചില ഇളവുകൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, തുണിക്കട, ചെരിപ്പുകട, കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അതേസമയം, തുറക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയാല്‍ നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലവിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണമുണ്ട്.