Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ നാലു പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. ആകെ 29 എഫ്ഐആറാണ് കേസിലുള്ളത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 4 ദിവസത്തിനിടെ 43 പ്രതികളെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ഇലവുംതിട്ട, പത്തനംതിട്ട സ്റ്റേഷനുകൾക്ക് പുറമേ പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. 14 പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ന് മാത്രം പിടികൂടിയത്. കേസിന്റെ ചുമതലയുള്ള ഡിഐജി അജിതാ ബീഗം അന്വേഷണ പുരോഗതി വിലയിരുത്താനായി നാളെ ജില്ലയിൽ എത്തിയേക്കും. പ്രതികളിൽ ചിലർ വിദേശത്താണെന്നും ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം പീഡനത്തിനിരയായ പെൺകുട്ടിയെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ കോന്നിയിലെ ഷെൽട്ടർ ഹോമിലെത്തി സന്ദർശിച്ചു. എത്രയും വേഗം പെൺകുട്ടിക്ക് സഹായ ധനം ലഭ്യമാക്കാൻ ബാലാവകാശ കമ്മീഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.