Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മകരവിളക്കിനായി ശബരിമല ഒരുങ്ങി. ലക്ഷക്കണക്കിന് ഭക്തർ നാളെ സന്നിധാനത്ത് മകരവിളക്ക് ദർശിക്കും. തിരുവാഭരണ ഘോഷയാത്ര പുരോഗമിക്കുകയാണ്.
ഒന്നര ലക്ഷത്തിൽ അധികം അയ്യപ്പ ഭക്തർ സന്നിധാനത്ത് മകരവിളക്ക് ദർശനത്തിനായി എത്തുമെന്നാണ് കണക്ക് കൂട്ടുന്നത് . ഇതിന് തുല്യമായ ക്രമീകരണങ്ങളും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട് . ഇന്ന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ മുഖേന 55000 പേർക്കാണ് ശബരിമലയിൽ ദർശനം നടത്താൻ അനുവാദം ഉണ്ടായത് . നാളെ വെർച്വൽ ക്യൂ വഴി 40,000 പേർക്കും , സ്പോട്ട് ബുക്കിംഗ് വഴി 1000 പേർക്കും ദശനം നടത്താം.
രാവിലെ 10 മുതൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണമുണ്ടാകും. 12 മണി മുതൽ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക് നട അടച്ചാൽ വൈകീട്ട് മകരവിളക്ക് ദർശനത്തിന് ശേഷമായിരിക്കും പതിനെട്ടാം പടി കയറി ദർശനം നടത്താൻ സാധിക്കുക.
അതേസമയം തിരുവാഭരണ ഘോഷയാത്ര പുരോഗമിക്കുകയാണ് . നാളെ വൈകീട്ട് 4 മണിയോടെ ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണം അചാരപ്രകാരമുള്ള ചടങ്ങുകളോടെ സന്നിധാനത്തേക്ക് സ്വീകരിക്കും . 6:30ന് തിരുവാഭരണം അണിഞ്ഞ് ദീപാരാധന നടക്കുന്ന സമയത്താണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.