'വല്യ വെള്ളം വന്നു, വീട് മുഴുവന്‍ പോയി സാറേ, ഞാനും മരിച്ചുപോകുമായിരുന്നു': കണ്ണീരോടെ മൂലമറ്റത്തുകാര്‍

"വീട്ടിലെ ഡസ്കിന്‍റെ മുകളില്‍ കയറി. ഞാനും മൂന്നും പിള്ളേരും ജനലിന്‍റെ അഴിയില്‍ പിടിച്ചുതൂങ്ങിനിന്നു. പിന്നെ ആളുകള്‍ വന്നു രക്ഷപ്പെടുത്തി"

Update: 2021-10-18 02:17 GMT
Advertising

ഇടുക്കിയിലെ മൂലമറ്റത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകളാണ് പൂർണമായും ഭാഗികമായും തകർന്നത്. എല്ലാം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടുകള്‍ നിലംപൊത്തിയതോടെ ഇനി എങ്ങോട്ട് പോകുമെന്ന് കണ്ണീരോടെ ചോദിക്കിക്കുകയാണ് പ്രദേശവാസികൾ.

"വീട് മുഴുവന്‍ പോയി സാറേ.. വല്യ വെള്ളം വന്നു. ഞാനും പോകേണ്ടതായിരുന്നു അതിനകത്ത്. അപ്പുറത്തെ വീട്ടിലെ ചേച്ചി വിളിച്ചതോണ്ട് അങ്ങോട്ടുപോയി. ആ നേരം കൊണ്ട് എല്ലാം പോയി"- ഒരായുസുകൊണ്ട് ഉണ്ടാക്കിയതെല്ലാം ഒറ്റനിമിഷത്തില്‍ പിഴുതെറിയപ്പെട്ടതിന്‍റെ കണ്ണീരും വേദനയുമാണിത്. മലമുഴക്കി വന്ന ഉരുള്‍ എല്ലാം തകർത്തെറിഞ്ഞു. മാറിയുടുക്കാന്‍ പോലും ഒന്നുമെടുക്കാനായില്ല. ജീവനും കൊണ്ട് ഓടേണ്ടിവന്നു.

തകർന്ന വീടുകള്‍ നോക്കി പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനുമാവുന്നില്ല ഇവർക്ക്. ദുരന്തത്തില്‍ നിന്ന് ഞെട്ടലൊഴിയാതെ നില്‍ക്കുകയാണ് ഇവരെല്ലാം. ഒരുപക്ഷേ, ഉരുള്‍പൊട്ടി വന്നത് രാത്രിയിലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇവർ പറയുന്നു.

"വെള്ളം വന്നപ്പോള്‍ വീട്ടിലെ ഡസ്കിന്‍റെ മുകളില്‍ കയറി. മുക്കാല്‍ മണിക്കൂര്‍ അങ്ങനെനിന്നു ഞങ്ങള്‍. ഞാനും മൂന്നും പിള്ളേരും ജനലിന്‍റെ അഴിയില്‍ പിടിച്ചുതൂങ്ങിനിന്നു. പിന്നെ ആളുകള്‍ വന്നു രക്ഷപ്പെടുത്തി"- പ്രായമായ സ്ത്രീ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവർക്ക് ഇനി ജീവിതം തിരിച്ചുപിടിക്കാന്‍ സർക്കാർ കനിയണം. ഒപ്പം സുമനസുകളുടെയും കൈത്താങ്ങ് തേടിയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഇവരെല്ലാം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News