വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു; കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം രാവിലെ പുൽപ്പള്ളിയിൽ എത്തിക്കും
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിൽ ഹൈക്കോടതി ആശങ്കയറിയിച്ചു
പുൽപ്പള്ളി/ കൊച്ചി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം ഇന്ന് രാവിലെ പുൽപ്പള്ളിയിൽ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.
നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്വങ്ങൾ അംഗീകരിച്ചാലെ മൃതദേഹം ഏറ്റു വാങ്ങു എന്ന നിലപാടിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം സെൻ്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.
ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേ സമയം വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. എൽഡി എഫും യു ഡിഎഫും ബി ജെ പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതെ സമയം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാവോയിസ്റ്റിന്റെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ചിക്മംഗലൂർ സ്വദേശി സുരേഷിനെ ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചത്.
വൈകിട്ട് 5 മണിയോടെയാണ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെയുമായി ആറ് അംഗമാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിക്കെടുത്ത ചിറ്റാരി കോളനിയിലെത്തിയത്.കോളനിയിലെ ചപ്പിലി കൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തിയ സംഘം സുരേഷിന് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഉൾവനത്തിൽ വച്ച് രണ്ടുദിവസം മുമ്പ് സുരേഷിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റന്നാണ് സംഘാംഗങ്ങൾ പറഞ്ഞത്.സുരേഷിനെ ഈ വീട്ടിൽ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകൾ കാട്ടിലേക്ക് മടങ്ങി. പിന്നാലെ വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ അടക്കമുള്ളവർ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഏറെ വൈകിയാണ് പോലീസും തണ്ടർബോൾട്ടും കോളനിയിലെത്തിയതെന്ന് വിമർശനം ഉണ്ട്.
മനുഷ്യ - മൃഗ സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ്റെ നിർദേശം. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാനുള്ള പദ്ധതികൾ കണ്ടെത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ അത് വലിയ ഭീഷണിയായി മാറുമെന്നും കോടതി വിലയിരുത്തി.
പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൃഗങ്ങളെ കൊന്നിട്ടോ ആക്രമിച്ചിട്ടോ കാര്യമില്ലെന്നും കോടതി പറഞ്ഞു.ഇപ്പോഴുള്ള സാഹചര്യം ലളിതമായി കാണാനാകില്ല, വയനാട് പോലെ വിനോദസഞ്ചാരം ഏറെയുള്ള സ്ഥലത്ത് ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു.