ഇശലിന്‍റെ ചികിത്സക്ക് വഴിയൊരുങ്ങുന്നു
കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ സമിതി സമാഹരിച്ച തുകയില്‍ നിന്ന് എട്ടരക്കോടി രൂപ ലഭിച്ചതോടെയാണ് ഇശലിന്‍റെ കുടുംബത്തിന് ആശ്വാസമായത്
സ്പൈനല്‍ മസ്കുലര്‍ അട്രോഫി സിന്‍ഡ്രോം ബാധിതയായ ലക്ഷദ്വീപിലെ കുരുന്നു ബാലിക ഇശല്‍ മറിയത്തിന്‍റെ ചികിത്സക്ക് വഴിയൊരുങ്ങുന്നു. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ സമിതി സമാഹരിച്ച തുകയില്‍ നിന്ന് എട്ടരക്കോടി രൂപ ലഭിച്ചതോടെയാണ് ഇശലിന്‍റെ കുടുംബത്തിന് ആശ്വാസമായത്. ഇനിയും 4 കോടി 17 ലക്ഷം രൂപ കൂടി ലഭിച്ചാലെ ചികിത്സ സാധ്യമാകൂ.
ലക്ഷദ്വീപിലെ കട്മത്ത് ദ്വീപിലെ നാസറിന്‍റെ ജസീറയുടെയും ഏക മകളായ ഇശല്‍ മറിയമിന്‍റെ ചികിത്സക്കായി 16 കോടി രൂപയാണ് ആവശ്യമായിരുന്നത്. ഇതില്‍ എട്ടരക്കോടി രൂപ നല്‍കാന്‍ കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബവും ചികിത്സാ സഹായ സമിതിയും സന്നദ്ധരായി. ഇതടക്കം 11.83 കോടി രൂപ സമാഹരിക്കാനായതോടെ താത്കാലികമായി ചികിത്സ തുടങ്ങി വയ്ക്കാനാവും .
കസ്റ്റംസ് നികുതിയിനത്തില്‍ നല്‍കേണ്ട തുക ഒഴിവാക്കി കൊടുക്കാമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാക്കിവരുന്ന നാല് കോടിയിലധികം രൂപ സമാഹരിക്കാനായാണ് ഇശലിന്‍റെ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.