കലോത്സവത്തിന് ഭക്ഷണം വെജിറ്റേറിയൻ; പാചകം പഴയിടം തന്നെ, തർക്കം വേണ്ടെന്ന് മന്ത്രി
ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാനാവുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്.
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെജിറ്റേറിയൻ ഭക്ഷണം തന്നെയാണെന്നും അക്കാര്യത്തിൽ ആരും തർക്കത്തിന് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ക്രാവന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തല്‍ തയാറാകുന്നത്. ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാനാവുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്. ജനുവരി മൂന്നിന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്ലീനിങ്ങിനായി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കല്‍ പരിപാടി നടന്നുവരുന്നു. ഭക്ഷണം വിളമ്പാൻ നാല് ഷിഫ്റ്റുകളിലായി 1000ത്തോളം അധ്യാപകര്‍, ടി.ടി.ഐ- ബി.എഡ് വിദ്യാർഥികൾ എന്നിവരെ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു.