''ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് എന്നെ പിടിക്കാനാകില്ല''; വെല്ലുവിളിച്ച് പി.സി ജോര്‍ജ്

''സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ വീടുകളിൽ ആന്‍റണി രാജുവും എസ്.എന്‍.ഡി.പി വീടുകളിൽ മണിയാശനും അടക്കമുള്ളവരാണ് ഇപ്പോള്‍ വോട്ട് ചോദിച്ചു ചെല്ലുന്നത്...''

Update: 2022-05-29 05:04 GMT
Advertising

പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി ജോര്‍ജ്. പൊലീസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി.സി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നും ആരോപിച്ചു.

പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു. യു.ഡി.എഫിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശൻ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാർ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബി.ജെ.പി പിഡിപ്പിക്കുന്നില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു. 

പൊലീസിനെ ഉപയോഗിച്ച് എന്നെ നിശ്ബദനാക്കാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പോലീസിന് തന്നെ പിടിക്കാനാകില്ല. പി.സി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി എന്ന് എന്നെ കുടുക്കാൻ ശ്രമിച്ചോ അന്ന് മുതൽ അദ്ദേഹത്തിന്‍റെ കൗണ്ടൺ ആരംഭിച്ചു കഴിഞ്ഞു. മഹാരാജാസിലെ അഭിമന്യുവിനെ കൊന്നവർക്കെതിരെ ഇവിടെ യാതൊരു നടപടിയും ഉണ്ടായില്ല. കൂണുപോലെ മുളച്ച് പൊങ്ങിയ പാർട്ടികളുമായി പിണറായി വിജയന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഞാന്‍ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടുമില്ല. സമുദായ വോട്ടുകൾക്ക് വേണ്ടിയുളള ശ്രമമാണ് എന്‍റെ അറസ്റ്റ്. ബ്രിട്ടീഷ് നിയമമാണ് ഇപ്പോള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ വീടുകളിൽ ആന്‍റണി രാജുവും എസ്.എന്‍.ഡി.പി വീടുകളിൽ മണിയാശനും അടക്കമുള്ളവരാണ് വോട്ട് ചോദിച്ച് ചെല്ലുന്നത്. പി.സി ജോര്‍ജ് ആരോപിച്ചു.

ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ഥിച്ചാണ് പി.സി ജോർജ് തൃക്കാക്കരയിലെത്തിയത്. പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്ന് പി.സി ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്.ഐ.ആർ പോലും എടുക്കില്ലായിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

"വെണ്ണലയിൽ ഒരു സമുദായത്തെ കുറിച്ചും പറഞ്ഞിട്ടില്ല. സാമുദായിക സൗഹാർദത്തെ കുറിച്ചാണ് പറഞ്ഞത്. ഇന്നലെ രണ്ടരയായപ്പോള്‍ ഹാജരാകാന്‍ നോട്ടീസ്. ഇന്നയിന്ന കാരണങ്ങളാല്‍ നാളെ പറ്റില്ല, തിങ്കളോ ചൊവ്വയോ ഹാജരാകാമെന്ന് ഞാന്‍ പറഞ്ഞു. വരാന്‍ പറ്റില്ലെന്നു പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് രാത്രി വിളിച്ച് പൊലീസ് പറഞ്ഞു. ഇത് പൊലീസല്ല, പിണറായിയുടെ ഊളന്മാരാ. കേരള പൊലീസ് വരട്ടെ. ഞാന്‍ അനുസരിക്കാം"- പി.സി ജോര്‍ജ് പറഞ്ഞു.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News