പെരിയ ഇരട്ടക്കൊല: പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ നടത്തുന്ന ഇടപെടലുകൾക്ക് സർവ പിന്തുണ: മുസ്‌ലിം ലീഗ്
കൊല ചെയ്തവരും കൊല ചെയ്യച്ചവരും രക്ഷപ്പെടുകൂടാ, അത്താണി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്
കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ ശിക്ഷാവിധിയിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനായി നടത്തുന്ന ഇടപെടലുകൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മുസ്‌ലിം ലീഗ്. കൊല ചെയ്തവരും കൊല ചെയ്യിച്ചവരും രക്ഷപ്പെടുകൂടാ, അത്താണി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം-
"പെരിയ ഇരട്ടകൊലപാതകത്തിൽ സിബിഐ പ്രത്യേക കോടതിയുടെ വിധി പറഞ്ഞിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പറയുന്നതുപോലെ വിധിപ്രസ്താവത്തിൽ പറഞ്ഞതിലും വലിയ ശിക്ഷ പ്രതികൾ അർഹിക്കുന്നുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനായി നടത്തുന്ന ഇടപെടലുകളിൽ മുസ്‌ലിം ലീഗ് സർവ്വ പിന്തുണയും നൽകും.
രാഷ്ട്രീയം ജനങ്ങളെയും രാജ്യത്തെയും സേവിക്കാനും രാഷ്ട്ര മുന്നേറ്റത്തിന് സംഭാവന ചെയ്യാനുമുള്ളതാണെന്ന് തിരിച്ചറിയാത്തവരാണ് അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ ആയുധമെടുക്കുന്നത്. ആറ് വർഷം മുമ്പാണ് രാഷ്ട്രീയ വിരോധം തീർക്കാൻ കൃപേഷിനെയും ശരത് ലാലിനെയും അരുംകൊല ചെയ്തത്. കൊല ചെയ്യിച്ചവരും ചെയ്തവരും രക്ഷപ്പെട്ടുകൂടാ. അത്താണി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിക്കണം."
പെരിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചോ എന്നത് ജനങ്ങളും നിയമ സംവിധാനങ്ങളും വിലയിരുത്തി കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളും ശിക്ഷാവിധികളും വരുമ്പോൾ ഇനിയൊരു ദുരന്തം വരാതിരിക്കാൻ വിധി കാരണമാകട്ടെ എന്ന് ആശിക്കാറുണ്ടെന്നും, നിർഭാഗ്യവശാൽ തിരിച്ചാണ് സംഭവിക്കാറുള്ളതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം.
'ഓരോ രാഷ്ട്രീയ കൊലപാതകങ്ങളുടെ ശിക്ഷാവിധി വരുമ്പോഴും ഇനിയൊരു ദുരന്തം നമുക്കിടയിൽ ആവർത്തിക്കാതിരിക്കാൻ ഈ വിധി കാരണമാവട്ടെയെന്ന് നാം ആശിക്കാറുണ്ട്.
നിർഭാഗ്യവശാൽ സംഭവിക്കുന്നത് തിരിച്ചും.
കൃപേഷും ശരത് ലാലും രാഷ്ട്രീയത്തിൻറെ പേരിൽ ഏറ്റവും ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് ചെറുപ്പക്കാരാണ്.മുൻ എ എൽ എ ഉൾപ്പെടെയുളളവർ ഈ കൊലപാതകത്തിൽ പങ്കാളിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നത് ഞെട്ടലുണ്ടാക്കുന്നു.നേതാക്കൾ തന്നെ ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം എത്രമേൽ പ്രതിലോമകരമാണ്. ഭരണകൂടങ്ങളും അവരുടെ പ്രതിനിധികളും ഈ രീതിയിൽ വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളിൽ എത്ര വലിയ അരക്ഷിതത്വമാണ് ഉണ്ടാക്കുന്നത്.
പെരിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചുവോ എന്നത് ജനങ്ങളും നിയമ സംവിധാനങ്ങളും വിലയിരുത്തി കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ഇനിയും നമുക്കിടയിൽ സംഭവിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് എപ്പോഴുമുള്ളത്.'വയലൻസ്'ഒരു ജ്വരമായി നമുക്കിടയിൽ മാറി കൊണ്ടിരിക്കുന്ന കാലമാണ്.നീതി പീഠങ്ങളുടെ ഇടപെടലുകളും ജനങ്ങളിൽ നിന്നുണ്ടാകേണ്ട ജാഗ്രതയും സമൂഹത്തിൽ സാർവ്വത്രികമായി വ്യാപിക്കുന്ന കുരുതികൾക്ക് തടയിടാൻ പര്യാപ്തമല്ലെങ്കിൽ വലിയ ദുരന്തത്തിലേക്കാവും അത് നമ്മെ കൊണ്ടെത്തിക്കുക എന്ന് കൃപേഷിൻറെയും ശരത്ത് ലാലിൻറെയും സംഭവത്തിൻറെ പശ്ചാതലത്തിൽ നാം തിരിച്ചറിയേണ്ട സാഹചര്യം കൂടിയാണിത്.'
പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ , മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കകരൻ എന്നീ നേതാക്കൾക്ക് 5 വർഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു.