ഗവർണർക്കെതിരെയായ ഹരജി; കേന്ദ്ര സർക്കാറിന് സുപ്രിംകോടതി നോട്ടീസ്
ഹരജി വെള്ളിയാഴ്ച പരിഗണിക്കും
ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസർക്കാറിന് പുറമെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേരളത്തിന്റെ ഹരജി ഇന്ന് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകരോ ഗവർണറുടെ അഭിഭാഷകനോ ഉണ്ടായിരുന്നില്ല.കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും കോടതിയിൽ ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയ്ക്ക് മുൻപായി ഗവർണറുടെ അഡീഷണൽ സെക്രട്ടറിയും കേന്ദ്രസർക്കാരും മറുപടി സത്യവാങ്മൂലം നൽകണം . നിലവിൽ ബില്ലുകളായി എത്തിയിരിക്കുന്നവ നേരത്തെ ഓർഡിനസ് ആയി എത്തിയിരുന്നപ്പോൾ, ഗവർണർ ഒപ്പിട്ടിരുന്നതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
2020 മുതൽ തമിഴ്നാട് സർക്കാർ അയക്കുന്ന ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ച ഗവർണറുടെ നടപടിയെ ബെഞ്ച് വിമർശിച്ചു . കോടതിയെ സമീപിച്ച ശേഷമാണ് ഗവർണർ ബില്ലുകൾ തിരിച്ചു അയച്ചത് . മൂന്നുവർഷത്തിന് ശേഷം തമിഴ്നാട് ഗവർണർ എന്ത് ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു.
കേരളം ഹരജി ഫയൽചെയ്യുന്ന വേളയിൽ ഗവർണറെ കക്ഷിയാക്കുന്ന കാര്യത്തിൽ സുപ്രിംകോടതി രജിസ്ട്രി തന്നെ ചോദ്യം ഉന്നയിച്ചിരുന്നു. പിന്നീട് കേരളത്തിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് കേസ് പരിഗണക്ക് ലിസ്റ്റ് ചെയ്തത്. ചീഫ് സെക്രട്ടറി ഡോ.വേണു, ടി പി രാമകൃഷ്ണൻ എം.എൽ.എ.എന്നിവരാണ് ഹരജിക്കാർ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഗവർണർക്കു അയച്ച 15 കത്തുകൾ അധിക രേഖയായി കേരളം സുപ്രിംകോടതിയിൽ സമർപ്പിച്ചു.
ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് കേരളം ഹരജി നല്‍കിയത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല, മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിൽ കൂടുതലായി അടയിരിക്കുന്നു, മൂന്ന് ബില്ലുകൾ പിടിച്ചു വെച്ച് ഒരു വർഷത്തിലേറെയായി...എന്നിങ്ങനെ കാലതാമസം എണ്ണിപ്പറഞ്ഞാണ് കേരളം സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.
200 ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കുന്നതായും കേരളം ആരോപിക്കുന്നു .ചീഫ് സെക്രട്ടറി ഡോ.വേണു, ടി പി രാമകൃഷ്ണൻ എം.എൽ.എ.എന്നിവരാണ് ഹരജിക്കാർ.സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ സി കെ ശശിയാണ് ഹരജി സമർപ്പിച്ചത്.
ഗവർണർ സുപ്രധാന ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹരജിയും സമർപ്പിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാടും പഞ്ചാബും സമർപിച്ച ഹരജിയിൽ ബില്ലുകളിൽ ഗവർണർമാർ തീരുമാനം എടുക്കാൻ വൈകുന്നതിനെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടയിൽ രണ്ട് ബില്ലുകൾ ഗവർണർ ഒപ്പിട്ടിരുന്നു .