സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഒരു രൂപയാക്കിയേക്കും
മുന്നണിയില്‍ നിന്ന് തന്നെ സമ്മര്‍ദം ഉയര്‍ന്നതോടെയാണ് നീക്കം
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഒരു രൂപയാക്കിയേക്കും. മുന്നണിയില്‍ നിന്ന് തന്നെ സമ്മര്‍ദം ഉയര്‍ന്നതോടെയാണ് നീക്കം.
ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം പാസാക്കുന്നതിന് മുന്നോടിയായി രണ്ട് രൂപ സെസ് ഒരു രൂപയായി കുറയ്ക്കാനാണ് നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനവികാരം ഉള്‍കൊള്ളുന്നുവെന്ന് വിശദീകരിച്ചാവും കുറയ്ക്കുക. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധനീക്കങ്ങള്‍ എണ്ണിപ്പറയുകയും ചെയ്യും. ഒപ്പം ബജറ്റിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ഇത്രയും ശക്തമായ സമീപനം സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും എല്‍.ഡി.എഫ് ശക്തിപ്പെടുത്തും.
മറുവശത്ത് സംസ്ഥാനത്ത് നികുതിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയുള്ള പ്രചാരണം തുടരാനാണ് യു.ഡി.എഫ് തീരുമാനം. സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്തും. നാളെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. ഒന്‍പതാം തിയ്യതി കലക്ടറേറ്റുകളിലേക്ക് ഡി.സി.സികളുടെ നേതൃത്വത്തില്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് യോഗവും സമര പരിപാടികള്‍ക്ക് രൂപം നല്‍കും. ഇന്ധന സെസിന് പുറമെയുള്ള നികുതി വര്‍ധനവുകളും ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.