'സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കരുത്, തുണിയുടുക്കാതെ നടക്ക്': പി.ജി ഡോക്ടറെ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തിയപ്പോഴാണ് സംഭവം

Update: 2021-12-16 10:13 GMT
Advertising

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുപോയ പി.ജി ഡോക്ടറെ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി. സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്ന് ഡോക്ടർ അജിത്രയോട് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ പറഞ്ഞുവെന്നാണ് പരാതി. സ്ത്രീകള്‍ കാല്‍ കയറ്റിവെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ തുണിയുക്കാതെ നടക്ക് എന്നും സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ പറഞ്ഞെന്ന് ഡോക്ടർ അജിത്ര പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തിയപ്പോഴാണ് സംഭവം.

"ഇന്നലെ ആരോഗ്യ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ കണക്കുകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി. കണക്കുകള്‍ വെച്ച് സംസാരിക്കാന്‍ സെക്രട്ടറിയേറ്റില്‍ ആശ തോമസ് മാഡത്തിന്‍റെ ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ പുറത്തുനില്‍ക്ക് വിളിക്കാമെന്ന് പറഞ്ഞു. എനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഞാന്‍ സ്റ്റെപ്പില്‍ ഇരിക്കുകയായിരുന്നു. സ്റ്റെപ്പില്‍ ഇരുന്നാല്‍ ധര്‍ണയാണെന്ന് വിചാരിക്കും, കസേരയിലിരിക്കാന്‍ പറഞ്ഞു. അപ്പോ ആരോഗ്യപരമായ ബുദ്ധിമുട്ട് കാരണം കസേരയുടെ കയ്യില്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുകയായിരുന്നു ഞാന്‍.

അപ്പോ ഐഡി കാര്‍ഡിട്ട ഒരു ജീവനക്കാരന്‍ (ഐടി സെക്രട്ടറിയുടെ ഡ്രൈവറാണെന്നാ അറിയാന്‍ കഴിഞ്ഞത്, പേരറിയില്ല) ഇവിടെ കാല് കയറ്റി ഇരിക്കാന്‍ പാടില്ല വലിയ വലിയ ആളുകള്‍ വരുന്ന സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സ്ത്രീകള്‍ കാല്‍ ഉയര്‍ത്തിവെയ്ക്കാന്‍ പാടില്ലേന്ന് ചോദിച്ചു. അപ്പോ അദ്ദേഹം നല്‍കിയ മറുപടി എന്നാല്‍ നീ തുണി ഉടുക്കാതെ നടക്ക് എന്നാണ്. എന്നെ ആശ മാഡം വിളിച്ചുവരുത്തിയിട്ടാണ് ഞാന്‍ വന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചാണ് ഒരു സ്ത്രീ ഇങ്ങനെ അപമാനം നേരിട്ടത്. അതും ഇത്രയും ദിവസം സമരം മുന്നില്‍ നിന്ന് നയിച്ച ഒരു സ്ത്രീ ഇങ്ങനെ അപമാനിക്കപ്പെട്ടാല്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? അതുകൊണ്ട് പരാതി നല്‍കും. നടപടിയെടുക്കും വരെ പ്രതിഷേധം തുടരും"- ഡോ അജിത്ര പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News