ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റ്; അദ്ദേഹം സി.പി.എം സഹയാത്രികനെന്ന് മുഖ്യമന്ത്രി
ജലീല്‍ ഏറെക്കാലമായി സി.പി.എം സഹയാത്രികനാണ്. അത് ഇനിയും തുടരും. ഇ.ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്ക് മറ്റു രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല.
കെ.ടി ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് താന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അത് ജലീല്‍ തന്നെ വിശദീകരിച്ചു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുന്നിലെത്തിയതെന്ന് ജലീല്‍ വിശദീകരിച്ചതോടെ ആ പ്രശ്‌നം കഴിഞ്ഞു.
ജലീല്‍ ഏറെക്കാലമായി സി.പി.എം സഹയാത്രികനാണ്. അത് ഇനിയും തുടരും. ഇ.ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്ക് മറ്റു രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നേതാവാണ്. അവര്‍ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാവരും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ നടപടിയെ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായതെന്നായിരുന്നു ജലീലിന്റെ വിശദീകരണം.