'ആവശ്യമെങ്കിൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത'; മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി പഴയ ലേഖനം
"ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ അഴിമതിവിരുദ്ധ-ദുർഭരണവിരുദ്ധ നിശ്ചയദാർഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ൽ നിയമത്തിലൂടെ വന്ന ലോകായുക്ത"
ലോകായുക്തയുടെ അധികാരത്തെ കുറിച്ച് 2019ൽ ചിന്ത വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം സംസ്ഥാന സർക്കാറിനെ തിരിഞ്ഞു കൊത്തുന്നു. ലോകായുക്തയുടെ അധികാരത്തിന് കടിഞ്ഞാനിടാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്ന പശ്ചാത്തലത്തിലാണ് ലേഖനം ചർച്ചയാകുന്നത്. അഴിമതിക്കെതിരെ കുരയ്ക്കാൻ മാത്രമല്ല, ആവശ്യമെങ്കിൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്തയെന്ന് പിണറായി പറയുന്നു. അഴിമതിക്കെതിരായ രാഷ്ട്രീയ ഇച്ഛാശക്തി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.
ലേഖനത്തിൽ ഓംബുഡ്‌സ്മാനെ കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെയാണ്;
'ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാൻ മാത്രം കഴിയുന്ന, എന്നാൽ കടിക്കാൻ കഴിയാത്ത, ഒരു കാവൽനായ' എന്നതാണ്. എന്നാൽ, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാൻ കഴിയും. പരാതിക്കാരന് പണച്ചെലവില്ലാതെ, സാങ്കേതികത്വവും കാലതാമസവും ഒഴിവാക്കി ഉചിതമായ പരിഹാര മാർഗങ്ങൾ നൽകാനും ഉത്തരവാദികൾക്കെതിരെ നടപടി ശിപാർശ ചെയ്യാനും ലോകായുക്തയ്ക്ക് കഴിയും.'
ലോകായുക്തയുടെ ക്രഡിറ്റ് ഇടതുപക്ഷ സർക്കാറിന് നൽകുന്ന ലേഖനം സംവിധാനത്തെ ശക്തിപ്പെടുത്താൻ ജനങ്ങളുടെ ഭാഗത്തു നിന്ന് ജാഗ്രതയുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
'ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ അഴിമതിവിരുദ്ധ-ദുർഭരണവിരുദ്ധ നിശ്ചയദാർഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ൽ നിയമത്തിലൂടെ വന്ന ലോകായുക്ത. വളരെ ലളിതമായ നടപടിക്രമങ്ങളുമായി ജനങ്ങൾക്കു സമീപിക്കാവുന്ന സംവിധാനമാണ് ആ നിയമത്തിലൂടെ ഏർപ്പെടുത്തിയതും. 1999ൽ, അതായത് ആദ്യവർഷം 159 കേസുകൾ ഫയൽ ചെയ്യപ്പെട്ടിടത്ത് 2019ൽ 3,953 കേസുകൾ ഫയൽ ചെയ്യപ്പെട്ടു എന്നതിൽനിന്നും മൊത്തം ഫയൽ ചെയ്യപ്പെട്ട കേസുകൾ 35,456 ആയി എന്നതിൽനിന്നും ഇതിൽത്തന്നെ 34,662 കേസുകൾ തീർപ്പാക്കി എന്നതിൽനിന്നും ഇതിന്റെ സ്വീകാര്യതയും ഫലപ്രാപ്തിയും വെളിവാകുന്നുണ്ട്.' - പിണറായി എഴുതി.
ലേഖനത്തിന്റെ പൂർണരൂപം;
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും മഹത്തായ സ്വപ്നങ്ങളിലൊന്ന് ശുദ്ധവും സുതാര്യവുമായ ഒരു ഭരണസംവിധാനം ഉറപ്പാക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം കെട്ടുകെട്ടിയതോടെ, ഭരണ നിര്‍വഹണാധികാരം ഇന്ത്യക്കാര്‍ക്കുതന്നെ ആയതോടെ ഭരണതലത്തില്‍ ശുദ്ധിയും സുതാര്യതയും സ്വയമേവ വന്നുകൊള്ളുമെന്നു പലരും പ്രതീക്ഷിച്ചു.
എന്നാല്‍, ആ പ്രതീക്ഷകള്‍ സഫലമായില്ല. അഴിമതിയും സ്വജനപക്ഷപാതവും വ്യാപിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ഉദ്ദേശിച്ച് ഖജനാവില്‍ നിന്നനുവദിക്കുന്ന പണത്തിന്റെ മുക്കാല്‍ പങ്കോളം വരെ ഇടനിലക്കാര്‍ കൊണ്ടുപോകുന്ന നില വന്നു. നാട്ടുമ്പുറത്തെ കലുങ്കുനിര്‍മാണം മുതല്‍ രാജ്യത്തിന്റെ പ്രതിരോധ കരാര്‍ വരെയുള്ള കാര്യങ്ങളില്‍ ദല്ലാള്‍ കമ്മീഷനും അഴിമതിയുമുണ്ടാവുന്നു എന്ന ആരോപണങ്ങളുയര്‍ന്നു. പലതും കേസാവുകയും പലരും ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശവും മൂര്‍ച്ചയുള്ളതുമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതും ലോക്പാല്‍-ലോകായുക്ത നിയമങ്ങള്‍ ഉണ്ടാക്കിയതും.
നീണ്ടകാലം പ്രലോഭനീയമായ ഒരു സങ്കല്‍പമായും വാഗ്ദാനവുമായി പരിമിതപ്പെട്ടു നില്‍ക്കുകയായിരുന്നു ഇവയെന്നു നമുക്കറിയാം. കേന്ദ്രതലത്തില്‍ അവ യാഥാര്‍ത്ഥ്യമായത് നീണ്ടകാലത്തെ പ്രക്ഷോഭങ്ങളുടെയും സമരമുന്നേറ്റങ്ങളുടെയും ഫലമായാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരായ ഫലപ്രദമായ ഒരു സംവിധാനം വരുന്നതില്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നവര്‍ക്കു വലിയ താല്‍പര്യമുണ്ടായിരുന്നില്ല. വലിയ ജനസമ്മര്‍ദം പുറത്തും ശക്തമായ വാദം പാര്‍ലമെന്റിലുമുണ്ടായപ്പോഴാണ് നിയമമുണ്ടാക്കാന്‍ നിര്‍ബന്ധിതമായത്.
പൊതുസമൂഹത്തിന്റെ ശുദ്ധിയും ജനങ്ങളുടെ ആശ്വാസവും മുന്‍നിര്‍ത്തി നിരവധി ഇടപെടലുകള്‍ നടത്താന്‍ കേരള ലോകായുക്തയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊതുജീവിത ശുദ്ധിയും നിയമപാണ്ഡിത്യവുമുള്ള പ്രഗല്‍ഭമതികളാണ് ലോകായുക്തയെ നയിച്ചിട്ടുള്ളത്; ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തിന്റെ സത്ത തന്നെ ചോര്‍ത്തിക്കളയുന്ന രണ്ടു ദുഷിപ്പുകളാണ് അഴിമതിയും ദുര്‍ഭരണവും. ഇവ അവസാനിപ്പിക്കാനുള്ള കാര്യമായ ഒരു നിര്‍ദേശം അറുപതുകളില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുണ്ടായ ഭരണപരിഷ്‌കരണ കമ്മീഷനില്‍ നിന്നാണുണ്ടായത്. ഒരു കാവല്‍ സംവിധാനം എന്ന നിലയ്ക്ക് ഓംബുഡ്സ്മാന്‍ സ്വഭാവത്തിലുള്ള സംവിധാനമാണ് അന്ന് നിര്‍ദേശിക്കപ്പെട്ടത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും. കേന്ദ്രത്തിലേക്കു നിര്‍ദേശിക്കപ്പെട്ട ലോക്പാല്‍ ഒരു സ്വപ്നം മാത്രമായി ദീര്‍ഘകാലം നിലനിന്നു. എന്നാല്‍, അതിനൊന്നും കാത്തുനില്‍ക്കാതെ നമ്മുടെ സംസ്ഥാനം കേരള ലോകായുക്ത നിയമം പാസാക്കി 1998ല്‍. ക്രിമിനല്‍ കോടതിയുടെയും സിവില്‍ കോടതിയുടെയും ഓംബുഡ്സ്മാന്റെയും സ്ഥിരം കമ്മീഷന്റെയും സ്വഭാവമുള്‍പ്പെട്ട നമ്മുടെ സംവിധാനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ലോക്പാലിനുവേണ്ടിയുള്ള ആവശ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും അത് ഇടയാക്കി.
ഭരണ നിര്‍വ്വഹണ വിഭാഗത്തിന്റെ അധികാരങ്ങള്‍ കൂടുതല്‍ വിപുലീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിപുലമായ അധികാരങ്ങള്‍ നാം കൈയാളുമ്പോള്‍ സ്വാഭാവികമായും അധികാരത്തിന്റെ ദുര്‍വിനിയോഗവും അതിലൂടെ സാധാരണ പൗരന്‍മാരുടെ അവകാശ നിഷേധവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കോടതികളുടെ ജുഡീഷ്യല്‍ റിവ്യൂ അധികാരത്തിലൂടെ ഇതിനു പരിഹാരം കണ്ടെത്താന്‍ ഒരു പരിധിവരെ കഴിയുമെങ്കിലും, സാങ്കേതികത്വത്തിന്റെ നൂലാമാലകളും ഭാരിച്ച ചെലവും കാലതാമസവും ജുഡീഷ്യല്‍ പരിഹാരങ്ങളില്‍ നിന്നും സാധാരണക്കാരെ അകറ്റിനിര്‍ത്തുന്നു.
പരാതിക്കാരന് ചെലവില്ലാത്തതും കാലതാമസവും സാങ്കേതികത്വവും കൂടാതെ വേഗത്തില്‍ ലഭ്യമാകുന്നതുമായ ഒരു പരിഹാരത്തെക്കുറിച്ചുള്ള ആലോചനകളില്‍ നിന്നാണ് 'ഓംബുഡ്സ്മാന്‍' എന്ന ആശയം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ രൂപം കൊണ്ടത്. പില്‍ക്കാലത്ത് കോമണ്‍ ലാ സമ്പ്രദായം പിന്തുടരുന്ന ന്യൂസിലന്‍ഡിലും ബ്രിട്ടനിലും ഇത് പകര്‍ത്തുകയുണ്ടായി. തുടര്‍ന്നാണ് ഇത്തരമൊരു സ്ഥാപനം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. 1968ല്‍ തന്നെ പ്രഥമ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അത് നിയമമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരാജയപ്പെട്ട പത്തിലധികം പരിശ്രമങ്ങള്‍ക്കു ശേഷമാണ് നമ്മുടെ രാജ്യത്ത് ലോക്പാല്‍ നിലവില്‍ വന്നത്.
സംസ്ഥാനങ്ങള്‍ക്കു വേണ്ടി ലോകായുക്ത രൂപീകരിക്കണം എന്ന നിര്‍ദ്ദേശത്തിനും ഏറെ പഴക്കമുണ്ട്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ഇപ്പോള്‍ ലോകായുക്ത പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ലോകായുക്ത നിയമം പാസ്സാക്കുകയും ലോകായുക്ത പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.
ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാന്‍ മാത്രം കഴിയുന്ന, എന്നാല്‍ കടിക്കാന്‍ കഴിയാത്ത, ഒരു കാവല്‍നായ' എന്നതാണ്. എന്നാല്‍, ഓംബുഡ്സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണ നിര്‍വഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകള്‍ക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാന്‍ കഴിയും. പരാതിക്കാരന് പണച്ചെലവില്ലാതെ, സാങ്കേതികത്വവും കാലതാമസവും ഒഴിവാക്കി ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ നല്‍കാനും ഉത്തരവാദികള്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യാനും ലോകായുക്തയ്ക്ക് കഴിയും.
എന്നാല്‍, നല്ല ഉദ്ദേശ്യത്തോടെ രൂപം നല്‍കിയിരിക്കുന്ന ഈ സംവിധാനം ചിലരെങ്കിലും ദുരുപയോഗപ്പെടുത്തുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഒരു കഴമ്പുമില്ലാത്ത പരാതികള്‍ ചിലരുടെ സ്വകാര്യ താല്‍പര്യം മുന്‍നിര്‍ത്തി ലോകായുക്തയില്‍ ഫയല്‍ ചെയ്യുകയും കോടതിയുടെയും ഉദ്യോഗസ്ഥരുടെയും വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. ലോകായുക്തയും അതുമായി ബന്ധപ്പെട്ട അഭിഭാഷകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് നിരുല്‍സാഹപ്പെടുത്താന്‍ കഴിയൂ. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ കൊണ്ടുവരേണ്ട ആവശ്യമുണ്ടോ എന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്നുള്ളത് ഓരോ പൗരന്റെയും അവകാശമാണ്. വിവരാവകാശ നിയമം, ലോക്പാല്‍ ലോകായുക്ത സംവിധാനം, സേവനാവകാശ നിയമം എന്നിവ ഈ അവകാശം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പുകളാണ്. അവയെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള നടപടികളുമായി നമുക്കു മുന്നോട്ടുപോകാം.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ അഴിമതിവിരുദ്ധ-ദുര്‍ഭരണവിരുദ്ധ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ല്‍ നിയമത്തിലൂടെ വന്ന ലോകായുക്ത. വളരെ ലളിതമായ നടപടിക്രമങ്ങളുമായി ജനങ്ങള്‍ക്കു സമീപിക്കാവുന്ന സംവിധാനമാണ് ആ നിയമത്തിലൂടെ ഏര്‍പ്പെടുത്തിയതും. 1999ല്‍, അതായത് ആദ്യവര്‍ഷം 159 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിടത്ത് 2019ല്‍ 3,953 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു എന്നതില്‍നിന്നും മൊത്തം ഫയല്‍ ചെയ്യപ്പെട്ട കേസുകള്‍ 35,456 ആയി എന്നതില്‍നിന്നും ഇതില്‍ത്തന്നെ 34,662 കേസുകള്‍ തീര്‍പ്പാക്കി എന്നതില്‍നിന്നും ഇതിന്റെ സ്വീകാര്യതയും ഫലപ്രാപ്തിയും വെളിവാകുന്നുണ്ട്.
ഇതിനെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയുണ്ടാവണം. അതോടൊപ്പം, ജനങ്ങളില്‍, ലോകായുക്തയിലൂടെയുള്ള നീതിതേടലിന്റെ സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ അവബോധവും വേണം.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അഴിമതി കുറയ്ക്കാനും ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്ത് ഇ-ഫയലിങ് സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളുടെ നീക്കം ആര്‍ക്കും എവിടെനിന്നും നിരീക്ഷിക്കാവുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ അനാവശ്യമായ കാലതാമസം ഉണ്ടാകുന്നില്ല. മാത്രമല്ല, ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സുതാര്യത ഉണ്ടാവുന്നതു കൊണ്ടുതന്നെ അഴിമതി വലിയതോതില്‍ ഇല്ലാതാക്കാനും കഴിയുന്നു. ഇതെല്ലാം അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരായ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ദൃഷ്ടാന്തങ്ങളാണ്.
Summary: An article written by Chief Minister Pinarayi Vijayan in Chinta Weekly in 2019 about the powers of the Lokayukta turns the state government upside down. The article discusses the context in which the state government brought in an ordinance to curb the power of the Lokayukta. According to Pinarayi, the Lokayukta is a system that can not only fight corruption but also bite if necessary.