ഇനി മുഖ്യം ക്ഷേമപ്രവർത്തനങ്ങള്‍; വരുമാനം കൂട്ടാന്‍ റവന്യൂ ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാന്‍
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങൾ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്
തിരുവനന്തപുരം: റവന്യൂ ഫീസുകളിൽ വർധന വരുത്തി വരുമാനം കൂട്ടാൻ സർക്കാർ തീരുമാനം. വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതികൾ വെട്ടിച്ചുരുക്കി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങൾ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പൂർണമായും സാമ്പത്തികമായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായി സർക്കാർ കാണുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കുകയാണു മന്ത്രിസഭ എടുത്ത തീരുമാനം.
റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോൺ ടാക്സ്, റവന്യൂ വര്‍ധനാ നിർദേശങ്ങളും സംസ്ഥാന സർക്കാർ പരിശോധിക്കൻ തീരുമാനിച്ചു. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പിന്‍റെയും സെക്രട്ടറിമാർ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നൽകിയ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരക്കുകൾ വർധിപ്പിച്ച മേഖലകളിൽ ഇത്തവണ നികുതി നിരക്ക് വർധന വരുത്തില്ല. വിദ്യാർഥികൾ, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർധന ബാധകമാക്കില്ല. സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്താൻ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. ഇതിന് പണം കണ്ടെത്താൻ നിലവിലെ പദ്ധതികൾ വെട്ടിച്ചുരുക്കാനാണ് മന്ത്രിസഭാ തീരുമാനം. നടപ്പ് പദ്ധതികളുടെ മുൻഗണനാക്രമം തീരുമാനിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
നിലവിലെ പദ്ധതികളടക്കം വെട്ടിച്ചുരുക്കും. നടപ്പുപദ്ധതികളുടെ മുൻഗണന സംബന്ധിച്ച് തീരുമാനമെടുക്കാൻ പാർട്ടിയുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ നടത്തും. മിൽമ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2021 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളപരിഷ്കരണം നടപ്പാക്കുക.
Summary: Kerala State government to raise revenue by increasing revenue fees to win back public sentiment through welfare schemes