'പ്രശ്നമുണ്ടാവുമ്പോൾ ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുത്, ഷാ പറഞ്ഞത് വസ്തുതാവിരുദ്ധം': മുഖ്യമന്ത്രി

ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി

Update: 2024-07-31 12:36 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വയനാട്: ഉരുൾപൊട്ടൽ സംബന്ധിച്ചുള്ള കേന്ദ്ര മുന്നറിയിപ്പ് കേരളം അവ​ഗണിച്ചെന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും പ്രശ്‌നമുണ്ടാകുമ്പോൾ അത് ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'കേന്ദ്ര മന്ത്രി പറയുന്നതിൽ ഒരുഭാഗം വസ്തുതയുള്ളതും ഒരുഭാഗം വസ്തുതയില്ലാത്തതുമുണ്ട്. ഇത് പഴിചാരേണ്ട സന്ദർഭമല്ല. പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രി ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നിട്ട് കേരളമെന്താണ് ചെയ്തതെന്ന ചോദ്യവുമാണ് ഉന്നയിച്ചത്.' മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടാണ് ആ ഘട്ടങ്ങളിലുണ്ടായിരുന്നത്. അവിടെ 115 നും 204 മി.മീറ്ററിനുമിടയിൽ മഴപെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മി.മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മി.മീറ്ററും മഴയാണ് ലഭിച്ചത്. അതായത് 48 മണിക്കൂറിനുള്ളിൽ 572 മി.മീറ്റർ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നൽകിയതിനേക്കാൾ എത്രയോ അധികമായിരുന്നു ഇത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു തവണ പോലും പ്രദേശത്ത് റെഡ് അലേർട്ട് നൽകിയിരുന്നില്ല. അപകടം ഉണ്ടായതിന് ശേഷം രാവിലെ ആറ് മണിയോടുകൂടിയാണ് റെഡ് അലേർട്ട് പ്രദേശത്ത് മുന്നറിയിപ്പായി നൽകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ജൂലൈ 23 മുതൽ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാൽ അതിലൊരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേർട്ട് പോലും നൽകിയിട്ടില്ല. 29 ന് ഉച്ചയ്ക്ക് ഒരുമണിക്ക് നൽകിയ മുന്നറിയിപ്പിൽ പോലും വയനാട് ജില്ലയ്ക്ക് ഓറഞ്ച് അലേർട്ടാണ് നൽകിയത്. ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ ആറുമണിക്കാണ് അതിതീവ്ര മഴ സാധ്യതയും റെഡ് അലേർട്ടും പ്രഖ്യാപിച്ചത്.

ഇതേ ദിവസം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉച്ചയ്ക്ക് 2 മണിക്ക് നൽകിയ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സംബന്ധിച്ച വയനാട് ജില്ലക്കുള്ള 30 നും 31 നുമുള്ള മുന്നറിയിപ്പിൽ പച്ച അലേർട്ടാണ് നൽകിയത്. ഇത് ചെറിയ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉള്ള സാധ്യത മാത്രമാണ്. എന്നാൽ അപ്പോഴേക്കും അതിതീവ്ര മഴയും അപകടവും സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ മുന്നറിയിപ്പ് നൽകാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനമായ കേന്ദ്ര ജലകമ്മീഷൻ ജൂലൈ 23 മുതൽ 29 വരെയുള്ള ഒരു ദിവസം പോലും ഇരുവഴിഞ്ഞിപ്പുഴയിലോ, ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. പാർലമെന്റിൽ അദ്ദേഹം പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. ദേശീയ ദുരന്ത നിവാരണ സേന വന്നത് കേരളം മുൻകൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. മഴക്കാലം തുടങ്ങുമ്പോൾ തന്നെ എൻഡിആർഎഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എൻഡിആർഎഫ് സംഘത്തെ വേണമെന്ന ആവശ്യം കേരളം ഉന്നയിച്ചതാണ്. ഇതിൽ നിന്ന് ഒരു സംഘത്തെ വയനാട് ജില്ലയിൽ സർക്കാർ മുൻകൂറായി വിന്യസിച്ചിരുന്നു.

കാലവർഷം ആരംഭിച്ച ദിവസം മുതൽ വിവിധ തരത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കേന്ദ്ര കലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഓരോ പ്രദേശത്തും ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോൺ ഏരിയയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മറ്റുപ്രകൃതിക്ഷോഭ സാധ്യതയുള്ള എല്ലാ പ്രദേശത്തും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രത്തിൽ ഒരിക്കലും ഇങ്ങനെയൊരും അപകട സാധ്യത പ്രതീക്ഷിക്കുന്നതല്ല. ഇത് പരസ്പരം പഴിചാരാനായി പറയുന്നതല്ല. കേന്ദ്രം ഗൗരവമായി ചിന്തിക്കണം. കാലവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള നടപടികളിലേക്ക് കടക്കണം. ഇത്തരം പ്രശ്‌നങ്ങളിൽ ആരുടെയെങ്കിലും പിടലിയിലേക്കിട്ട് ഉത്തരവാദിത്തം ഞങ്ങൾക്കല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയാൽ കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും 7 ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ഉരുൾപൊട്ടൽ മേഖലയിൽ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചിരുന്നു. മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തൂവെന്നും രാജ്യസഭയിൽ ഷാ ഉന്നയിക്കുകയുണ്ടായി. തന്റെ നേരിട്ടുള്ള നിർദേശ പ്രകാരം 9 അംഗ എൻ.ഡി.ആർ.എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും ഷാ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News