'അതീവ ഗൗരവതരം'; യൂത്ത് കോൺഗ്രസിനെതിരായ വ്യാജ ഐഡി കേസിൽ മുഖ്യമന്ത്രി
സംഘടനാ തെരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങളില്ലെന്നാണ് കെ മുരളീധരൻ എം.പിയുടെ വാദം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഏജൻസികളും കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയം രാഷ്ട്രീയായുധമാക്കി സി.പി.എം രംഗത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രതികരണം നടത്തിയത്. അതിനിടെ കേസിൽ പുതിയ വിവരങ്ങൾ പൊലീസിന് കൈമാറിയെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പി മീഡിയ വണ്ണിനോട് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങളില്ലെന്നാണ് കെ മുരളീധരൻ എം.പിയുടെ വാദം.
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ സി.ആർ കാർഡ് എന്ന മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് സൈബർ ഡോമും അന്വേഷണമാരംഭിച്ചു. ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്തുക എന്നതാണ് ആദ്യ ശ്രമം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്നും പരിശോധിക്കും. ഒപ്പം ആരൊക്കെ ആപ്പ് ഉപയോഗിച്ചെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.