വിദ്യാർഥിനിയോട് അപമര്യാദ; പികെ ബേബി 'മുങ്ങി', കേസ് എടുത്തതിന് ശേഷം ക്യാംപസിലെത്തിയിട്ടില്ല
ഗ്രീൻ റൂമിൽ വെച്ച് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നായിരുന്നു ബേബിക്കെതിരെയുള്ള കേസ്
കൊച്ചി: കുസാറ്റിൽ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാക്രമണത്തിന് ശ്രമിച്ച കേസിലെ പ്രതിയും സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടറുമായ പികെ ബേബി ഒളിവിൽ. വിദ്യാർഥിനി പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ബേബിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിൻഡിക്കേറ്റംഗം കൂടിയായ ബേബിക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നാണ് ആരോപണം.
കുസാറ്റിലെ സെമിനാർ കോംപ്ലക്‌സിന് അകത്തുള്ള ഗ്രീൻ റൂമിൽ വെച്ച് പി കെ ബേബി കയറിപ്പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. കളമശ്ശേരി പൊലീസ് കേസെടുത്തതിന് ശേഷം ബേബി ക്യാംപസിലെത്തിയിട്ടില്ല. പികെ ബേബിയെ പിന്തുണച്ച് രംഗത്തെത്തിയ ഇടതു അധ്യാപക സംഘടന ഇരക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പൊലീസ് നേരത്തേ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന് സാക്ഷികളായ രണ്ട് വിദ്യാർഥികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടും പികെ ബേബിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബേബിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജില്ലയിലെ പ്രമുഖ സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള ബേബിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇരക്കെതിരെ ഇടത് അധ്യാപക സംഘടന പൊലീസിനെ സമീപിച്ചത് ഇതിന്റെ ഭാഗമാണെന്ന് സംശയമുണ്ട്.
ഇരയെ അവിശ്വസിച്ച് അധ്യാപക സംഘടനയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് നീങ്ങുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സിൻഡിക്കേറ്റംഗം കൂടിയായ ബേബിക്കെതിരെ വിദ്യാർഥിനി ഉന്നയിച്ച പരാതി പാർട്ടി തലത്തിൽ കൈകാര്യം ചെയ്യാൻ സിപിഎം ശ്രമിച്ചിരുന്നു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വിദ്യാർഥിനി പൊലീസിനെ സമീപിച്ചത്.