പി.എഫ്.ഐചാപ്പ: വ്യാജ പ്രചാരണം നടത്തിയ അനിൽ ആന്റണി അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകും - പി.കെ ഫിറോസ്
കൊല്ലം കടയ്ക്കൽ സ്വദേശിയായ ഷൈൻ എന്ന സൈനികനാണ് തന്റെ മുതുകിൽ പി.എഫ്.ഐചാപ്പ അടിച്ചെന്ന് വ്യാജപ്രചാരണം നടത്തിയത്.
കോഴിക്കോട്: കൊല്ലത്ത് സൈനികനെ ആക്രമിച്ച് പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന് വ്യാജപ്രചാരണം നടത്തിയ അനിൽ ആന്റണി, പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിച്ച് ഇത് പ്രചരിപ്പിച്ച മാധ്യമങ്ങളുണ്ട്. സത്യമറിഞ്ഞിട്ടും തിരുത്താൻ പോലും ഇവർ തയ്യാറായിട്ടില്ല. ഇത്തരം വാർത്തകളിൽ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കൊല്ലത്ത് സൈനികനെ അക്രമിച്ച് പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പ്രചരണം പച്ചക്കള്ളമായിരുന്നു എന്ന് ഇതിനോടകം തെളിഞ്ഞു. ഇങ്ങിനെയൊരു സംഭവം ആസൂത്രണം ചെയ്ത സൈനികൻ ഷൈൻ കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നല്ലത്.
പക്ഷേ അങ്ങിനെ മാത്രം അവസാനിപ്പിക്കേണ്ട ഒന്നാണോ ഈ സംഭവം. മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ പലപ്പോഴും വസ്തുതാ വിരുദ്ധമാകാറുണ്ട്. വാർത്തകളുണ്ടാക്കുന്ന ഡാമേജ് ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ഒരു തിരുത്തോ ക്ഷമാപണമോ കൊടുത്ത് മാധ്യമങ്ങൾ അതവസാനിപ്പിക്കാറാണ് പതിവ്. എന്നാൽ കടക്കൽ സംഭവം അങ്ങിനെ ലഘൂകരിക്കാൻ കഴിയുന്ന ഒന്നല്ല.
ഈ വാർത്ത ബോധപൂർവം സമൂഹത്തിൽ പ്രചരിപ്പിച്ച മാധ്യമങ്ങളുണ്ട്, വ്യക്തികളുണ്ട്. ജനം ടീവിയും കർമ്മ ന്യൂസുമൊക്കെ അത്തരത്തിലുള്ള സ്ഥാപനങ്ങളാണ്. അനിൽ ആന്റണിയും പ്രതീഷ് വിശ്വനാഥുമൊക്കെ അങ്ങിനെയുള്ള വ്യക്തികളാണ്. സത്യമറിഞ്ഞതിന് ശേഷം ഒരു തിരുത്ത് പോലും കൊടുക്കാത്തവരുണ്ട്. ഇത്തരക്കാർക്കെതിരെ കുടി നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നൽകുന്നുണ്ട്.
നാട്ടിൽ വിദ്വേഷവും കലാപവുമുണ്ടാക്കാൻ സാധ്യതയുള്ള ഒരു സംഭവം കേട്ടാൽ അതിന്റെ യാഥാർത്ഥ്യമെന്താണെന്നറിയാൻ അൽപമെങ്കിലും കാത്തിരിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം. അതിന് ശേഷം മാത്രമേ വാർത്ത കൊടുക്കുകയുള്ളൂ എന്ന് തീരുമാനിക്കാൻ മാധ്യമങ്ങൾക്ക് ഇനിയെങ്കിലും കഴിയണം.