പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ സമരം തുടരും: പി.എം.എ സലാം

പ്രശ്‌നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ടെന്നും പി.എം.എ സലാം

Update: 2024-06-25 13:56 GMT

പിഎംഎ സലാം

Advertising

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് അവസരം ലഭിക്കുന്നത് വരെ മുസ്ലിം ലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പ്ലസ് വൺ പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കണക്ക് വെച്ച് സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്ക് കണക്കുകളിൽ കൃത്യത വന്നതിൽ സന്തോഷമുണ്ട്. മുസ്ലിം ലീഗും ജില്ലാ കളക്ടറേറ്റുകളിലേക്ക് നടത്തിയ സമരത്തോടെയാണ് ഈ വിഷയം പൊതുസമൂഹം ഏറ്റെടുത്തത്. എം.എസ്.എഫും യൂത്ത് ലീഗ് നടത്തിയ നിരന്തര സമരം വിദ്യാഭ്യാസ വകുപ്പിന്റെ ധാർഷ്ട്യം അവസാനിപ്പിക്കുന്നതിന് കാരണമായി'. പരീക്ഷാ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവമായ പ്രശ്‌നമുണ്ട്. അത് മറച്ചു വെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. യഥാർത്ഥത്തിൽ സീറ്റ് കിട്ടാത്തവരുടെ കണക്കുകൾ ഇതിനേക്കാൾ വലുതാണ്. വയനാടും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രശ്നങ്ങളുണ്ട്. കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വെച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള എല്ലാ ജില്ലകളിലെയും പ്രശ്നം പരിഹരിച്ചേ മതിയാകൂ' അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനമായത്. 15 വിദ്യാർഥി സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News