പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നും വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു
മലപ്പുറത്ത് താത്കാലിക ബാച്ചുകൾ അനുവദിച്ചു
കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടന്നു. കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തി. ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം കലക്ട്രേറ്റിലേക്കാണ് മാർച്ച് നടത്തിയത്. വെൽഫയർ പാർട്ടി നേതാവ് കെഎ ഷെഫീഖ് സമരം ഉദ്ഘാനം ചെയ്തു.
റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലായിരുന്നു ഫ്രറ്റേണിറ്റിയുടെ കോഴിക്കോട്ടെ പ്രതിഷേധം. കോഴിക്കോട് ആർഡിഡി ഓഫീസിലേക്ക് എസ്ഡിപിഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ ബിജെപിയും പ്രതിഷേധിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വിദ്യാഭ്യാസ ബന്ദ് നടത്തിയ കെ.എസ്.യു തൃശൂരിൽ ഡിഇഒ ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി .കണ്ണൂരിൽ കെ.എസ്.യു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
യൂത്ത് ലീഗ് നിയമസഭയിലേക്ക് മാർച്ച് നടത്തി. മന്ത്രിയുടെ കണക്ക് വൈരുദ്ധ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി കണക്ക് പഠിക്കട്ടെയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 15 വിദ്യാർഥി സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.
പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കും. ആവശ്യമുണ്ടെങ്കിൽ റിപ്പോർട്ട് പ്രകാരം അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.