മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; വേണ്ടത് 687 പുതിയ ബാച്ചുകൾ
മലപ്പുറത്ത് മാത്രം 395 ബാച്ചുകള്‍ പുതുതായി വേണ്ടിവരും
കോഴിക്കോട്: മലബാർ ജില്ലകളിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടത് 687 പുതിയ ബാച്ചുകളെന്ന് കണക്കുകള്‍. മലബാറില്‍ പത്താംക്ലാസ് വിജയിച്ച വിദ്യാർഥികളുടെ ഉപരിപഠനത്തിനായി അധികമായി വേണ്ടത് മുപ്പതിനായിരത്തോളം സീറ്റുകളാണ്. മലപ്പുറത്ത് മാത്രം 395 ബാച്ചുകള്‍ പുതുതായി വേണ്ടിവരും.
വി എച് എസ് ഇ, ഐ ടി ഐ തുടങ്ങി ബദല്‍ സാധ്യതകള്‍ പരിഗണിച്ച ശേഷമാണ് ഇത്രയും സീറ്റുകളുടെ കുറവുള്ളത്. പാലക്കാട് മുതല്‍ കാസർകോടുവരെയുള്ള ജില്ലകളില്‍ ഇത്തവണ ആകെ എസ് എസ് എല്‍ സി പാസായത് 2,25,702വിദ്യാർഥികളാണ്. അണ്‍ എയ്ഡഡ് സ്കൂളിലെ സീറ്റുകള്‍ ഉള്‍പ്പെടെ ആകെയുളളത് 1,66,200 പ്ലസ് വണ്‍ സീറ്റുകളും. വി എച്എസ് ഇ, ഐ ടി ഐ, പോളി ടെക്നിക് കൂടി പരിഗണിച്ചാല്‍ സീറ്റുകളുടെ എണ്ണം 1,91,350 ആകും. അപ്പോഴും 34,352വിദ്യാർഥികള്‍ പുറത്തു നില്‍ക്കേണ്ടിവരും.
ഇത് പരിഹരിക്കണമെങ്കില്‍ മലബാറിലാകെ 687 പുതിയ ബാച്ചുകള്‍ വേണ്ടിവരും.തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്നതില്‍ 20 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റുന്നതടക്കം പുതുതായി 100 ബാച്ചുകള്‍ കൂടി താല്ക്കാലികമായി അനുവദിക്കുക എന്നതാണ് സർക്കാരിന്റെ ആലോചനയുള്ളത്.680 ബാച്ച് വേണ്ടിടത്ത് 100 ബാച്ച് കൊണ്ട് ഒന്നുമാകില്ല എന്നുറപ്പാണ്.
മലപ്പുറം ജില്ലയില്‍ മാത്രം 395 ബാച്ചുകള്‍ അധികമായി വേണ്ടിവരും. പാലക്കാട് 116 കോഴിക്കോട് 69 കണ്ണൂർ 54എന്നിങ്ങനെയാണ് മറ്റു മലബാർ ജില്ലകളിലെ സീറ്റു ക്ഷാമം പരിഹരിക്കാന്‍ വേണ്ട ബാച്ചുകളുടെ എണ്ണം. 100 അധിക ബാച്ചെന്ന പൊടിക്കൈ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയെന്ന് ചുരുക്കം.