പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് രാവിലെ 11 ന്: ഇത്തവണയും ഗ്രേസ് മാർക്കില്ല

സർക്കാർ വെബ്‌സൈറ്റുകൾ കൂടാതെ കൈറ്റ്, സഫലം ആപ്പ് വഴിയും കുട്ടികൾക്ക് ഫലമറിയാം

Update: 2022-06-21 01:32 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം. പി.ആർ ചേംബറിൽ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ വെബ്‌സൈറ്റുകളിലും ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണയ വിവാദമുൾപ്പടെ ചൂടുപിടിച്ച പ്ലസ്‍ടു പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

സർക്കാർ വെബ്‌സൈറ്റുകൾ കൂടാതെ കൈറ്റ്,, സഫലം ആപ്പ് വഴിയും കുട്ടികൾക്ക് ഫലമറിയാം. പ്ലസ് ടുവിൽ 87.94ഉം വി.എച്ച്.എസ്.ഇയിൽ 80.36 ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തവണ ഏവരും ഉറ്റുനോക്കുന്നതും വിജയശതമാനത്തിലേക്ക് തന്നെയാകും. പ്ലസ്ടു വിഭാഗത്തിൽ 4,32,436 വിദ്യാർഥികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 31,332 വിദ്യാർഥികളും ഫലം കാത്തിരിക്കുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

മേയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷകളും ആരംഭിച്ചു. രണ്ടാഴ്ച കൊണ്ട് മൂല്യ നിർണയം പൂർത്തിയായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അദ്ധ്യാപകർ ബഹിഷ്‌കരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. മൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം ഉയർത്തിയതും വിവാദമായി. പിന്നീട് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പ്രശ്‌നങ്ങൾ പരിഹരിച്ചത്.

അതേസമയം, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കലാ-കായിക മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും നടത്താത്തതിനാലാണ് തീരുമാനം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News