ക്രിമിനലുകളായ ആർഎസ്എസുകാർക്ക് പൊലീസ് മാനസികരോഗം ചാർത്തിക്കൊടുക്കുകയാണ്: പി.എം.എ സലാം
ആർ. എസ്. എസുകാര്‍ പ്രതികളാകുന്ന കേസിൽ പ്രതികള്‍ മാനസികരോഗികളാകണമെന്ന് പോലീസിന്‍റെ നിർബന്ധമാണ്.
ക്രിമിനലുകളായ ആർഎസ്എസുകാർക്ക് പൊലീസ് മാനസികരോഗം ചാർത്തിക്കൊടുക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. 'പരപ്പനങ്ങാടിയിൽ മദ്രസാ വിദ്യാർത്ഥിയെ മര്‍ദിച്ചത് ആര്‍.എസ്.എസുകാരനാണ്. എന്നാല്‍ പ്രതി മാനസികരോഗിയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ആർ. എസ്. എസുകാര്‍ പ്രതികളാകുന്ന കേസിൽ പ്രതികള്‍ മാനസികരോഗികളാകണമെന്ന് പോലീസിന്‍റെ നിർബന്ധമാണ്. കേരളത്തിൽ പലയിടത്തും ആര്‍.എസ്സ്.എസ്സുകാര്‍ പ്രതികളായ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍.എസ്.എസ്സുകാര്‍ കേസുകളിൽ പെട്ടാൽ അവർ ഉടന്‍ മാനസിക രോഗികളാവും. പി.എം.എ സലാം പറഞ്ഞു.
എൻ.ആർ.സി സംബന്ധമായ കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി ഇനിയും പല കേസുകളും പിൻവലിച്ചിട്ടില്ലെന്നും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കേസിന് പിറകിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരപ്പനങ്ങാടിയില്‍ ഇന്നലെ മദ്രസാ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ പ്രതി രാമനാഥൻ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് രാമനാഥന് ജാമ്യവും ലഭിച്ചു.