'എന്തിനാണ് യൂണിഫോമിട്ട് നടക്കുന്നത്?'; റിയാസ് മൗലവി വധക്കേസിൽ പൊലീസിനെതിരെ കടുത്ത വിമർശനം
റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിന് താഴെയാണ് നിരവധി ആളുകൾ പ്രതിഷേധം അറിയിച്ചത്
കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ കേരള പൊലീസിനെതിരെ കടുത്ത വിമർശനം. റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിന് താഴെയാണ് നിരവധി ആളുകൾ പ്രതിഷേധം അറിയിച്ചത്. കാര്യക്ഷമമായി കേസന്വേഷിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാത്തതാണ് പൊലീസിനെതിരെയുള്ള വിമർശനത്തിനിടയാക്കിയത്.
'എന്തിനാണ് ..... യൂണിഫോമിട്ട് നടക്കുന്നത്?, 'ഒരു രാജ്യം... ഇരട്ട നീതി... റിയാസ് മൗലവി വധക്കേസിൽ എന്ത് പഴുതാണ് നിങ്ങൾ അടച്ചത്..' 'കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാതെ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നടക്കുന്ന നിങ്ങളുടെ ഗതികേടാണ് യഥാർത്ഥ ഗതികേട് !' 'അരി ആഹാരം കഴിക്കുന്നവർക്ക് കാര്യം മനസ്സിൽ ആവും.... പൊതുജനങ്ങൾ എല്ലാവരും കഴുത കൾ അല്ല' എന്നിങ്ങനെയാണ് പോസ്റ്റിന് കീഴിലുള്ള കമൻറുകൾ. 'ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ കൊന്ന് തള്ളിയ പ്രതികളെ വെറുതെ വിട്ട അനീതിക്കെതിരെ മിണ്ടരുത്.. മിണ്ടിയാൽ കേരള പൊലീസിന്റെ കർശന നടപടി നേരിടേണ്ടി വരും.. നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ സർക്കാരിന്റെ കരുതലാണിത്... ഭയങ്കരം തന്നെ' മറ്റൊരാൾ പോസ്റ്റിന് കമൻറിട്ടു. 'എത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും; ഒരൊറ്റ ആർ.എസ്.എസുകാരനും ശിക്ഷിക്കപ്പെടരുത്''??? നവഭാരതീയ ന്യായ സംഹിത! അൽപമെങ്കിലും നാണം വേണ്ടേ പിണറായിയുടെ പൊലീസേ...' മറ്റൊരാൾ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്ത കുറിപ്പിന് 2,500 സ്‌മൈലികളാണ് ലഭിച്ചിരിക്കുന്നത്.
റിയാസ് മൗലവി വധക്കേസിലെ വിധിയെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷപരമായ സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പൊലീസ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ജാഗ്രത കേസന്വേഷണത്തിന്റെ കാര്യത്തിൽ കാണിച്ചില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയാണ് കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയായിരുന്നു.
Court acquitted the three accused in Kasaragod Muhammad Riyas Moulavi murder case, the Kerala Police has been severely criticized.