എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ ദുരൂഹത അഴിക്കാതെ പോലീസ്
പ്രതിയുടെ കസ്റ്റഡി വിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളും ഡൽഹിയിലെത്തി
കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ ആക്രമണം നടന്ന് മൂന്ന് ദിവസമാകുമ്പോഴും കേസിന്റെ ദുരൂഹത അഴിക്കാതെ പോലീസ്. പ്രതിയുടെ കസ്റ്റഡി വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളും ഡൽഹിയിലെത്തി. ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടെ ആശുപത്രി വിട്ടു.
കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ട്രെയിനിൽ സഹയാത്രികരെ തീ കൊളുത്തിയ സംഭവം ആസൂത്രിതമാണെന്നും കൂടുതൽ പേർ ഇതിന് പിന്നിലുണ്ടാകാമെന്നുമാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിച്ചത്. റെയിൽവെ പോലീസിന് പുറമെ പ്രത്യേക അന്വേഷണ സംഘവും നോയിഡയിലേക്ക് പോയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയുടെ ഫോൺ ഡൽഹിയിൽ വെച്ച് മാർച്ച് 31ന് സ്വിച്ച് ഓഫ് ആയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും. അന്വേഷണം എളുപ്പത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾക്ക് ചുമതലകൾ വിഭജിച്ച് നൽകിയിട്ടുണ്ട്. ട്രെയിനിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടെ ആശുപത്രി വിട്ടു. പരിക്കേറ്റവരുടെയും സാക്ഷികളുടെയും മൊഴികൾ ഇന്ന് രേഖപ്പടുത്തും.
അതേസയം കേസിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ പോലീസുമായി ചേർന്നാണ് കേരള പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. ഷാരൂഖ് സെയ്ഫിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിൻ്റെ നീക്കം. ഇന്നലെ ഉത്തർപ്രദേശിൽ എത്തിയ റെയിൽവേ പോലീസ് ഇന്നും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും.
തീവ്രവാദി ആക്രമണമെന്ന സാധ്യത കണക്കിലെടുത്ത് ഡൽഹി-ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനകളും അന്വേഷണ രംഗത്തുണ്ട്. തീവെയ്പ്പ് നടന്ന സ്ഥലത്തെ ബാഗിൽ നിന്നും കണ്ടെടുത്ത ഉത്തർപ്രദേശിലെ ലോണി എന്ന സ്ഥലത്തെ സംബന്ധിച്ച സൂചനകൾ കേസിൽ ഇത് വരെ ഗുണം ചെയ്തിട്ടില്ല.