കണ്ണൂരിൽ‌‌ യൂത്ത് കോൺഗ്രസുകാരെ മർദിച്ചതിൽ കേസെടുത്ത് പൊലീസ്; ആക്രമണം ആസൂത്രിതമെന്ന് ഡിസിസി

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.

Update: 2023-11-21 05:59 GMT
Advertising

കണ്ണൂർ: നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസ്. 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അക്രമം തടഞ്ഞവരെയും മർദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിലും പറയുന്നു.

ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. പഴയങ്ങാടി എരിപുരത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്‍റ് മഹിത മോഹന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.

നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി മർദിക്കുകയായിരുന്നു. പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റേയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് കൂടുതൽ പേരെത്തി കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു.

അതേസമയം, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ ജോർജ് മാർട്ടിൻ ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തു. പ്രതിഷേധത്തെ ചാവേർ ആക്രമണമാണ് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

രണ്ട് പേർ കരിങ്കൊടി വീശിയതാണോ ചാവേർ ആക്രമണമെന്നും ജോർജ് മാർട്ടിൻ ചോദിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞ് ആക്രമണത്തിന് പ്രോത്സാഹനം കൊടുക്കുകയാണ് സിപിഎം. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും നവകേരളാ ‌യാത്രയ്‌ക്കെതിരാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ അഴീക്കോട്‌ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നവകേരളാ സദസിന്റെ ഇന്നത്തെ പര്യടനത്തിന്‍റെ തുടക്കം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകൾ ഇന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷയും വർധിപ്പിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News