പ്രവാസിയെ ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന; ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

ചികിത്സയിലിരിക്കെ ഇന്നു രാവിലെ അബ്ദുൽ ജലീല്‍ മരിച്ചു

Update: 2022-05-20 04:49 GMT
Advertising

മലപ്പുറം: പെരിന്തൽമണ്ണയിലെ ആശുപത്രിയില്‍ മർദനമേറ്റ നിലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നു രാവിലെ അബ്ദുൽ ജലീല്‍ മരിച്ചു.

റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞാണ് യഹിയ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ജലീലിന്‍റെ വീട്ടിലും ഇയാള്‍ വിവരമറിയിച്ചു. പിന്നാലെ ഇയാള്‍ ആരാണെന്ന് പോലും പറയാതെ ആശുപത്രി വിട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യഹിയയും ജലീലും പരിചയക്കാരാണോ, റോഡരികിലാണോ പരിക്കേറ്റ നിലയില്‍ ഇയാള്‍ ജലീലിനെ കണ്ടത് എന്നതൊന്നും ഇപ്പോള്‍ വ്യക്തമല്ല.

കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ ജലീല്‍ വേണ്ടെന്നു പറഞ്ഞു. താന്‍ വീട്ടിലേക്ക് എത്താമെന്ന് അറിയിച്ചു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും അബ്ദുല്‍ ജലീല്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്തില്ല. ഇതോടെയാണ് കുടുംബം അഗളി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ താന്‍ വീട്ടിലേക്ക് വരികയാണെന്നും പരാതി പിന്‍വലിക്കണമെന്നും അബ്ദുല്‍ ജലീല്‍ ഫോണില്‍ വിളിച്ച് കുടുംബത്തോട് പറഞ്ഞു. വീട്ടുകാര്‍ പരാതി പിന്‍വലിക്കാനിരിക്കെ അബ്ദുല്‍ ജലീലിന് പരിക്കേറ്റു എന്ന് അജ്ഞാതന്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

വാഹനാപകടത്തിലുണ്ടാകുന്ന പരിക്കല്ല അബ്ദുല്‍ ജലീലിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. ആരോ ആക്രമിച്ച തരത്തിലുള്ള പരിക്കാണ് ശരീരത്തിലുണ്ടായിരുന്നത്. ആക്രമണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News