ഇ.ഡിക്കെതിരായ സി.പി.എം കൗൺസിലറുടെ പരാതിയിൽ ഉടൻ കേസെടുക്കില്ലെന്ന് പൊലീസ്
ചോദ്യം ചെയ്യലിനിടെ രണ്ട് ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചെന്നായിരുന്നു പി.ആർ അരവിന്ദാക്ഷന്റെ പരാതി
കൊച്ചി: ഇ.ഡിക്കെതിരായ സി.പി.എം കൗൺസിലറുടെ പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഉടൻ കേസെടുക്കില്ല. ധൃതിപിടിച്ച് കേസ് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കൊച്ചി സിറ്റി പൊലീസ്. ചോദ്യം ചെയ്യലിനിടെ രണ്ട് ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചെന്നായിരുന്നു വടക്കാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ പരാതി.
വടക്കാഞ്ചേരി താലൂക്കിലെ ഹെൽത്ത് കമ്മറ്റി ചെയർമാനാണ് പി.ആർ അരവിന്ദാക്ഷൻ. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. പരാതി ലഭിച്ചു തൊട്ടു പിന്നാലെ തന്നെ കൊച്ചി പൊലീസ് കമ്മീഷണർ എറണാകുളം സെൻട്രൽ പൊലീസിനോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു.
ഇതിനെ തുടർന്ന് സെൻട്രൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി ഓഫീസിലെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാൽ പരിശോധന നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കുന്ന കാര്യത്തിൽ അനശ്ചിതത്വം തുടരുകയായിരുന്നു. ഇതിലാണിപ്പോൾ പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്.