"ഗവർണർ വാണം വിട്ട പോലെ പോയി, വണങ്ങാൻ നിന്ന ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല": കുഞ്ഞാലിക്കുട്ടി

സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിൻറെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു

Update: 2024-01-25 05:52 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയിൽ എല്ലാം ചടങ്ങായി മാത്രം നടക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗവർണർ വരുന്നതും കണ്ടു, അതേപോലെ തിരിച്ചു പോകുന്നതും കണ്ടു. ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

"ഗവർണർ വരുന്നത് കണ്ടു, വാണംവിട്ട പോലെ പോകുന്നതും കണ്ടു. വണങ്ങാൻ കാത്തുനിന്ന ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല. നിയമസഭാ ഒരു ചടങ്ങായി മാത്രം അവസാനിപ്പിച്ചു. നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായത്. ദേശീയതലത്തിലോ കേരളത്തിലോ ഗവർണർമാരുടെ ഇത്തരം പ്രവർത്തികൾ ഞങ്ങൾ അനുകൂലിക്കില്ല. രണ്ടുമിനിറ്റ് കൊണ്ട് കാര്യങ്ങൾ അവസാനിപ്പിച്ച് പോകുന്നതാണ് കണ്ടത്": കുഞ്ഞാലിക്കുട്ടി പറയുന്നു. 

ഗവർണർ നിയമസഭയെ കൊഞ്ഞനംകുത്തി കാണിച്ച അവസ്ഥയായിരുന്നു. വല്ലാത്തൊരു സംഭവമാണ് നിയമസഭയിൽ ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കേരള ചരിത്രത്തിലെ ഏറ്റവും അപകടകരമായ രീതിയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു കേരളീയത്തെ സംബന്ധിച്ചും നവകേരള സദസ്സിനെ ക്കുറിച്ചും മാത്രമാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. ഇത്രയും മോശമായ നയപ്രഖ്യാപനം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഗവർണർ കാണിച്ചത് നിയമസഭയോടുള്ള പൂർണ്ണ അവഹേളനമാണ്. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിൻറെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നടന്നത്. കേന്ദ്രത്തിനെതിരെ കാര്യമായ വിമർശനങ്ങൾ നയപ്രഖ്യാപനത്തിലില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് നാടകീയ തുടക്കമാണുണ്ടായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. നിയമസഭ ചരിത്രത്തിൽ ആദ്യമായാണിത്. സ്വീകരണ സമയത്ത് ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് രൂക്ഷ വിമർശനമാണ് നയപ്രഖ്യാപനത്തിലുണ്ടായിരുന്നത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News