വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോള്‍ അവകാശവാദവുമായി കോൺഗ്രസും സി.പി.എമ്മും
വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് സ്ഥാപിക്കാനാണ് ഇരു പക്ഷത്തിൻ്റെയും ശ്രമം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയപ്പോൾ അവകാശവാദവുമായി കോൺഗ്രസും സി.പി.എമ്മും. വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് സ്ഥാപിക്കാനാണ് ഇരു പക്ഷത്തിൻ്റെയും ശ്രമം. ഉമ്മൻചാണ്ടിയുടെ പേര് തുറമുഖത്തിന് ഇടണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. കപ്പൽ എത്തിയതിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് ആഹ്ളാദ പ്രകടനം നടത്താനാണ് സി.പി.എം തീരുമാനം
തുറമുഖ നിർമാണം പ്രതീക്ഷിച്ച വേഗതയിലൊന്നും മുന്നോട്ട് പോയില്ലെന്നത് വാസ്തവം. തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുമായിട്ടാണ് ആദ്യ കപ്പൽ എത്തിയത് തന്നെ. തുറമുഖം കമ്മീഷൻ ചെയ്യാൻ അടുത്ത വർഷം മേയ് വരെ കാത്തിരിക്കണം. പക്ഷേ അങ്ങനെ കാത്തിരുന്നാൽ ക്രെഡിറ്റ് സ്വന്തമാക്കാനാകില്ലെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അറിയാം. പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തായതിനാൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇടണമെന്നാണ് കോൺഗ്രസ് ആവശ്യം. ഈ ആവശ്യം ആദ്യം തന്നെ സർക്കാർ തള്ളി. എഗ്രിമെൻ്റ് ഒപ്പ് വെച്ചാൽ മാത്രം പദ്ധതി വരില്ലെന്നാണ് കോൺഗ്രസിനുള്ള സർക്കാർ മറുപടി. ഒപ്പം പദ്ധതി നിർത്തിവെപ്പിക്കാൻ പലവട്ടം കോൺഗ്രസുകാർ ശ്രമിച്ചുവെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.
ഇന്ന് തുറമുഖത്തിന് മുന്നിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി തുറമുഖത്തിന് മേലുള്ള അവകാശവാദം ഒന്നുകൂടി ഉറപ്പിക്കാനാണ് കോൺഗ്രസ് നീക്കം. സി.പി.എമ്മാകട്ടെ പദ്ധതി യഥാർഥ്യമാകുന്നതിൽ ആഹ്ളാദ പ്രകടനം തുറമുഖ കവാടത്തിലേക്ക് നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ പ്രകടനം ഉദ്ഘാടനം ചെയ്യാൻ എത്തും.