പൂഞ്ഞാർ സംഭവം; മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു - എസ്.ഐ.ഒ

പോലീസിന്റെ എപ്പോഴുമുള്ള മുസ്‌ലിം വിരുദ്ധ സമീപനങ്ങൾക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി ഇവിടെയും അത് ആവർത്തിക്കുകയാണ് ചെയ്തതെന്ന് സംഘടന ആരോപിച്ചു

Update: 2024-03-06 15:12 GMT
Advertising

കോഴിക്കോട്: പൂഞ്ഞാർ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും ഇസ്‌ലാമോഫോബിയ ആസൂത്രിതമായി പ്രചരിപ്പിക്കുന്നവരെ സഹായിക്കുന്നതുമാണെന്ന് എസ്.ഐ.ഒ.  സെൻ്റ് ഫെറോനാ പള്ളി വളപ്പിൽ നടന്ന സംഭവങ്ങളെ ഭീകരവൽക്കരിച്ച് അവതരിപ്പിക്കുകയും അത് മുസ്‌ലിം സമുദായത്തിലെ വിദ്യാർത്ഥികൾ ആസൂത്രിതമായി നിർവഹിച്ചതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമോഫോബിയ പ്രചാരകരുടെ പ്രചാരണങ്ങൾ അതേപടി തന്നെ ഏറ്റെടുക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

പോലീസിന്റെ എപ്പോഴുമുള്ള മുസ്‌ലിം വിരുദ്ധ സമീപനങ്ങൾക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി ഇവിടെയും അത് ആവർത്തിക്കുകയാണ് ചെയ്തത്. ഇതിലൂടെ ഇസ്‌ലാമോഫോബിയ അസൂത്രിതമായി പ്രചരിപ്പിച്ച് അതിന്റെ ഗുണഭോക്താക്കളാകുന്ന തീവ്ര ക്രിസ്ത്യൻ വംശീയ ഗ്രൂപ്പുകളെയും സംഘപരിവാറിനെയും സഹായിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിട്ടുള്ളത്.

സംസ്ഥാന മുഖ്യമന്ത്രി വ്യാജ പ്രചരണങ്ങൾക്ക് മതം പറഞ്ഞ് കുടപിടിക്കുമ്പോൾ അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമുദായങ്ങളെ തമ്മിലകറ്റി ലാഭം കൊയ്യാനുള്ള ഹീനശ്രമങ്ങളുടെ ഭാഗമാണ്. എസ്ഐഒ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ റഹ്‌മാൻ ഇരിക്കൂർ, സെക്രട്ടറിമാരായ വാഹിദ് ചുള്ളിപ്പാറ, സഹൽ ബാസ്, അഡ്വ അബ്ദുൽ വാഹിദ്, ഹാമിദ് ടിപി എന്നിവർ പങ്കെടുത്തു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലുള്ള അനിഷ്ടസംഭവങ്ങളിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പ്രതികരണം.

ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. എന്നാൽ അതിൽ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ ഹുസൈൻ മടവൂരിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഹുസൈൻ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ ധാരണ വച്ചുപുലർത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News