വ്‌ളോഗർ റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും; മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്

കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

Update: 2022-05-09 08:17 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ടും ഇന്ന് ലഭിക്കും. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. റിഫയുടെ മകനെയും കുടുംബത്തെയും കാണാൻ വരാത്തതും അവരുമായി ബന്ധപ്പെടാത്തതും ഇക്കാരണത്താലാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മെഹ്നാസിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസ് അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

റിഫ മരിച്ച ഉടൻ തന്നെ മെഹ്നാസ് ലൈവ് വീഡിയോ ചെയ്തത് ദൂരൂഹത വർധിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ പി.റെഫ്താസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News