ദുരൂഹതയില്ല; തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് മൃതദേഹം കല്ലറിയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
കോഴിക്കോട്: തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് മൃതദേഹം കല്ലറിയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. നവംബർ 4 നാണ് തോമസ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായതായി തോമസിന്റെ മരണശേഷമാണ് വീട്ടുകാർ അറിയുന്നത്. ഇതിൽ സംശയംതോന്നിയ വീട്ടുകാർ അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നവംബർ നാലിന് സംസ്കരിച്ച തോമസിന്റെ മൃതദേഹം നവംബർ 20ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾ രാസപരിശോധനക്കും അയച്ചിരുന്നു. ശരീരവേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ്റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് പുലർച്ചയോടെ തോമസിന്റെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നു.