ദിവസം ഒന്നരക്കോടി ചെലവിട്ട് മേയ് 31 വരെ വൈദ്യുതി വാങ്ങും: കെ.എസ്.ഇ.ബി ചെയർമാൻ
ചെലവ് കൂടിയാലും വൈദ്യുതി വാങ്ങുന്നത് തുടരുമെന്നും ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മേയ് 31 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക്. ദിനപ്രതം ഒന്നരക്കോടി രൂപ ഇതിന് ചെലവാകുമെന്നും യൂണിറ്റിന് 20 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. ചെലവ് കൂടിയാലും വൈദ്യുതി വാങ്ങുന്നത് തുടരുമെന്നും ചെയർമാൻ അറിയിച്ചു.
ഇന്നലത്തെ ഉപഭോഗം 4281 MW ആയിരുന്നുവെന്നും ഡിസംബർ മുതൽ ശ്രമിച്ചെങ്കിലും വേണ്ടത്ര പവർ നമുക്ക് ലഭിച്ചില്ലെന്നും ഫിനാൻസ് ഡയറക്ടർ വി.ആർ. ഹരി അറിയിച്ചു. നല്ലളത്ത് നിന്ന് ഒരാഴ്ചക്കുള്ളിൽ 90 MW ഉത്പാദിപ്പിക്കുമെന്നും കായംകുളത്ത് നിന്ന് വൈദ്യുതി ലഭിക്കാൻ 45 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് മൂന്നാം തീയതി പീക്ക് അവറിൽ 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നും ഹരി ചൂണ്ടിക്കാട്ടി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 6:30നും 11നുമിടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിരുന്നു. കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തില്‍ 400 മുതല്‍ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം നീട്ടേണ്ടി വരും. ആന്ധാപ്രദേശില്‍ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് ശ്രമം.ഇന്നലെ മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.
നവംബർ വരെ രാജ്യത്ത് കൽക്കരി ക്ഷാമം തുടരുമെന്നാണ് സൂചന. അതിനാൽ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി സംസ്ഥാനത്ത് തുടരും. ദിവസം ഒന്നരക്കോടി മുടക്കി പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിനൊപ്പം കോഴിക്കോട് നല്ലളം ഡീസൽ പ്ലാൻറ് പ്രവർത്തിപ്പിക്കും. ഒരാഴ്ചത്തേക്ക് പ്ലാൻറ് പ്രവർത്തിക്കാനുള്ള ഇന്ധനം വാങ്ങിയിട്ടുണ്ട്. ഇന്നു മുതൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് 90 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കും. നല്ലളം പ്ലാൻറ് പ്രവർത്തിപ്പിക്കാൻ യൂണിറ്റിന് 11 രൂപയോളം ചെലവ് വരും. കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കെ.എസ്.ഇ.ബിയെ വിമർശിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രാൻസ്മിഷൻ വിഭാഗം മാർച്ച് ഏപ്രിൽ മെയ് മാസത്തേക്ക് 380 മെഗാവാട്ട് മുതൽ 543 മെഗാവാട്ട് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന് അറിയിച്ചിട്ടും 150 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാർ മതിയെന്ന് ബോർഡ് തീരുമാനിച്ചെന്നായിരുന്നു ആക്ഷേപം. എന്നാൽ കേന്ദ്ര പൂളിൽ പോലും മതിയായ വൈദ്യുതി ഇല്ലാതിരിക്കെ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി. തോട്ടിയാർ, ഭൂതത്താൻകെട്ട്, പെരിങ്ങൽകുത്ത് എന്നീ പ്രോജക്ടുകളിൽ നിന്ന് മൂന്ന് മാസം കൊണ്ട് 118 മെഗാ വാട്ട് വൈദ്യുതി കൂടി ലഭിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
KSEB Chairman B Ashok said that power will be procured from outside till May 31 to solve the power crisis in the Kerala