'പാർട്ടിക്കുള്ളിൽ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് ഉണ്ട്, സത്യാവസ്ഥ കണ്ടെത്തണം'; പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി
സിപിഎം സംസ്ഥാന കമ്മിറ്റിക്കും, പാർട്ടി കൺട്രോൾ കമ്മീഷനും ഉടൻ പരാതി നൽകാനാണ് പ്രമോദ് കോട്ടൂളിയുടെ തീരുമാനം
കോഴിക്കോട്: പിഎസ്‌സി നിയമന കോഴ വിവാദത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി. ജില്ലാകമ്മിറ്റിയുടെ അച്ചടക്ക നടപടിക്ക് എതിരെ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് അറിയിച്ച പ്രമോദ്, പാർട്ടിക്കുള്ളിൽ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് ഉണ്ടെന്നും ആരോപിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിക്കും, പാർട്ടി കൺട്രോൾ കമ്മീഷനും ഉടൻ പരാതി നൽകാനാണ് പ്രമോദ് കോട്ടൂളിയുടെ തീരുമാനം. ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും തനിക്കെതിരായ നടപടി പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി കൊടുക്കുക.
നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ വിചാരണ സദസ്സിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചു. റിയാസ് - സിപിഎം മാഫിയ ബന്ധം അന്വേഷിക്കുക എന്നാവശ്യപ്പെട്ടായിരുന്നു സമരം. പിഎസ്‌സി കോഴ ആരോപണം സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി..