പ്രതാപ ചന്ദ്രന്റെ മരണം: മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോട വെട്ടിലായി കെ.പി.സി.സി നേതൃത്വം
ഡി.ജി.പിക്ക് നല്‍കിയ പരാതി പിന്‍വലിച്ചത് കെ.പി.സി.സി അധ്യക്ഷന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.
തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് കെ.പി.സി.സി നേതൃത്വത്തെ വെട്ടിലാക്കി. ഡി.ജി.പിക്ക് നല്‍കിയ പരാതി പിന്‍വലിച്ചത് കെ.പി.സി.സി അധ്യക്ഷന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. അതിനാല്‍ പോലീസ് കേസ് എടുത്താല്‍ അന്വേഷണ പരിധിയിലേക്ക് കെ.പി.സി.സി അധ്യക്ഷനും വരും.
കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് പ്രതാപചന്ദ്രന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് മക്കളുടെ പരാതി.ഡിസംബര്‍ 29 ന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും പിന്‍വലിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ കുടുംബത്തിന് തൃപ്തികരമായ രീതിയില്‍ തുടര്‍ നടപടികള്‍ കെ.പി.സി.സി അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെ ഇ-മെയില്‍ മുഖേനെ മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നേരത്തെ ഡി.ജി.പിക്ക് നല്‍കിയ പരാതിയും ഇതോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ആദ്യ പരാതിയില്‍ കോണ്‍ഗ്രസിന്റെ യൂനിറ്റ് സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടാപ്പള്ളി,രമേശന്‍ കാവില്‍ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പരാതിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഇടപെട്ടാണ് ആദ്യ പരാതി പിന്‍വലിപ്പിച്ചതെന്ന പരാമര്‍ശം ഉള്ളതിനാല്‍ പോലീസ് അന്വേഷണം ഉണ്ടായാല്‍ കെ സുധാകരന്റെ മൊഴി എടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം പ്രതാപചന്ദ്രന്റെ മകന്‍ കെ.പി.സി.സി അധ്യക്ഷനെ കണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാടാണ് പുതിയ പരാതി നല്‍കുന്നതിലേക്ക് മക്കളെ നയിച്ചത്.
ആദ്യ പരാതിയുടെ സമയത്ത് തന്നെ കേസ് എടുക്കാനാകുമോയെന്ന കാര്യത്തില്‍ ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. അതിനാല്‍ മുഖ്യമന്ത്രി ഇപ്പോഴത്തെ പരാതി കൈമാറിയാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.